റായ്പൂർ: ഐപിഎൽ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് കൊൽക്കത്ത നിലവിലെ ചാമ്പ്യന്മാരായ ബാംഗ്ലൂരിനെ നേരിടും. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആർസിബി പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാനിറങ്ങുമ്പോൾ തുടര്‍ച്ചയായ നാലു ജയങ്ങളുടെ പകിട്ടുമായി എത്തുന്ന കൊല്‍ക്കത്ത വഴിമുടക്കുമോ എന്നതാണ് എല്ലാവരുടെയും ആശങ്ക.
ഇപ്പോഴും പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്ന എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ശേഷിക്കുന്ന മത്സരങ്ങൾ എല്ലാം വിജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാകൂ. റായ്പൂരിലെ വേഗത കുറഞ്ഞ പിച്ചില്‍ തിളങ്ങാൻ കഴിയുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്ക് ടീമിന് വലിയ ആശങ്കയാണ്. സ്പിന്നിനെ തുണയ്ക്കുന്ന റായ്പൂർ പിച്ചിൽ വരുൺ കളിച്ചില്ലെങ്കിൽ അത് സുനിൽ നരെയ്ൻ നയിക്കുന്ന ബൗളിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാകും. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ആർസിബിയുടെ ബാറ്റിംഗ് കരുത്തും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടമായിരിക്കും കാണാൻ പോകുന്നത്.






