മലപ്പുറം: കൊണ്ടോട്ടി നഗരസഭ കൗൺസിലർ സിപി റഹ്മത്തുള്ള കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് അദ്ദേഹം വ്യക്തമാക്കിയതെങ്കിലും, കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റിയുടെ തെറ്റായ നിലപാടുകളെ പ്രതിഷേധിച്ചാണ് രാജി എന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന കുമ്മിണിപ്പറമ്പ് വാർഡ് വെൽഫെയർ പാർട്ടിക്ക് വിട്ടുകൊടുക്കാൻ നേതൃത്വം തീരുമാനിച്ചിരുന്നുവെന്നും 2030-ൽ സീറ്റ് മുന്നണിയിലെ പ്രമുഖ പാർട്ടിക്ക് നൽകണമെന്ന കരാറും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് റഹ്മത്തുള്ള പറഞ്ഞത്.
കൊണ്ടോട്ടിയിലെ കോൺഗ്രസ് പ്രവർത്തനം വർഷങ്ങളായി നിർജീവമാണെന്നും കെപിസിസി നിർദേശിക്കുന്ന പരിപാടികൾ പ്രായോഗികമായി നടപ്പാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച റഹ്മത്തുള്ളയെ പിന്നീട് തിരികെ പാർട്ടിയിൽ ഉൾപ്പെടുത്തിയിരുന്നു.
മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡണ്ട്, യുഡിഎഫ് ചെയർമാൻ എന്നിവയുൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള റഹ്മത്തുള്ളയുടെ രാജി കോൺഗ്രസിന് കൊണ്ടോട്ടിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു.









