കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയെങ്കിലും മുന്നണിയിലും യു.ഡി.എഫിലും സീറ്റിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ തുടരുന്നു.
സീറ്റുവിഭജനം: കേരള കോൺഗ്രസ് (എം) – 10, സി.പി.എം. – 9, സി.പി.ഐ. – 4 എന്നിങ്ങനെയാണ് സീറ്റ് ധാരണ.സ്വതന്ത്ര നീക്കം: ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എം., കേരള കോൺഗ്രസിനോട് (എം) നിർദേശിച്ചു. വാകത്താനം സീറ്റ് വച്ചുമാറാൻ സി.പി.ഐ. തയ്യാറാകാത്തതിനാൽ അയർക്കുന്നത്താകും പൊതുസ്വതന്ത്ര സ്ഥാനാർത്ഥിക്ക് സാധ്യത.
പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും ശക്തിക്കനുസരിച്ച് സീറ്റ് ലഭിച്ചാൽ മാത്രമേ സ്വതന്ത്ര സ്ഥാനാർത്ഥി തീരുമാനം അംഗീകരിക്കൂ എന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം അറിയിച്ചു. ഇന്ന് അന്തിമ ചർച്ച നടക്കും.
യുഡിഎഫിൽ സീറ്റ് നില: കോൺഗ്രസ് – 15, കേരള കോൺഗ്രസ് (ജോസഫ്) – 8 എന്നിങ്ങനെയാണ് യു.ഡി.എഫിലെ സീറ്റ് വിഭജനം.ഒരു സീറ്റ് വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുന്നു. ജനറൽ സീറ്റുകളിലേക്ക് സ്ഥാനാർത്ഥി മോഹികളുടെ തിരക്ക് കാരണം റിബൽ ഭീഷണിയുണ്ട്. ഭാര്യമാർക്ക് സീറ്റ് നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ഫലം കാണുന്നില്ല. ജോസഫ് വിഭാഗം വെള്ളൂർ സംവരണ മണ്ഡലം കോൺഗ്രസിന് നൽകി സീറ്റ് വച്ചുമാറാനും ശ്രമിക്കുന്നുണ്ട്.






