കോഴിക്കോട്: ഫുട്ബോൾ വിജയാഘോഷങ്ങളുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ്. അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
വിജയാഘോഷത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിക്കാതെയും ലൈസൻസില്ലാതെയും അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും.
കൂടുതൽ ആളുകളെ കയറ്റി വാഹനങ്ങൾ ഓടിക്കുക, അമിത ശബ്ദത്തിൽ ഹോൺ മുഴക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ കർശന പരിശോധന നടത്തുമെന്നും വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.


