തിരുവനന്തപുരം: ദേശീയപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബുവിന്റെയും അജിതയുടെയും ഏകമകനായ അരുൺ കൃഷ്ണ (22) ആണ് മരിച്ചത്. മാവിൻമൂട് സ്വദേശിയായ ശ്യാമിനും നെല്ലിക്കോട് സ്വദേശിയായ ബാലുവിനുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അരുൺ കൃഷ്ണയും സുഹൃത്തുക്കളായ രണ്ടുപേരും റോഡരികിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ സമീപത്തെ കമ്പികളിൽ കുടുങ്ങിയ അരുൺ കൃഷ്ണ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെയും ബാലുവിനെയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.











