തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രിക്ക് കൈമാറി. കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി.
കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്ന് ജോസ് പറഞ്ഞു. അങ്കമാലി മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് അദ്ദേഹം. തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നാണ് ജോസിന്റെ ആവശ്യം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കും നേരത്തെ തുക സംഭാവന ചെയ്തിരുന്നു. ഈ മാതൃക പിന്തുടർന്ന് കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കെഎസ്ആർടിസി ബസ് സ്പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കും CSR ഫണ്ട് ഉപയോഗിച്ചും കെഎസ്ആർടിസിക്ക് ബസുകൾ നൽകാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.












