തിരുവനന്തപുരം: യാത്രക്കാർക്കായി പുതിയ പരിഷ്കരണങ്ങളുമായി ജനമനസ്സ് കീഴടക്കിയ കെഎസ്ആർടിസി മറ്റൊരു പുതുമയുള്ള പദ്ധതിയുമായി രംഗത്തെത്തുന്നു. ഇന്ത്യൻ അറേബ്യൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് നൊപ്പം ചേർന്ന് കെഎസ്ആർടിസി ബസുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ബജറ്റ് ടൂറിസം ബസുകളിലാകും പദ്ധതി നടപ്പിലാക്കുക എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ബസിൽ ലഭ്യമാകുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് അടുത്തുള്ള ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. 25 ശതമാനം വിലക്കുറവോടെയാകും ഭക്ഷണം ലഭിക്കുക.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയെ പങ്കാളിയാക്കി ഇത്തരമൊരു സേവനം ആരംഭിക്കുന്നത്. ബാംഗ്ലൂരിലേക്കുള്ള സർവീസുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ള ചിക്കിങ് ഔട്ട്ലെറ്റുകളിൽ ബസുകൾ നിർത്തി യാത്രക്കാർക്ക് ഭക്ഷണം കൈമാറും. പദ്ധതിയുടെ ഭാഗമായി ബസ് നിർത്തുന്ന ഔട്ട്ലെറ്റുകളിൽ നിന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യ ഭക്ഷണവും നൽകും. ഭക്ഷണം ബുക്ക് ചെയ്യുന്നതിനായി പ്രത്യേക വാട്ട്‌സ്‌ആപ്പ് നമ്പറും ഒരുക്കിയിട്ടുണ്ട്. കൂടാതെ ടെക്നോപാർക്കിൽ നിന്നുള്ള ആഴ്ചയിലെ പുതിയ സർവീസ് നടത്തുന്ന ബസിലും ഈ ഭക്ഷണ സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും മെച്ചപ്പെട്ട യാത്രാനുഭവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.






