കെപിസിസി പുന സംഘടനയാണ് എവിടെയും ചർച്ചാവിഷയമെങ്കിലും കെപിസിസിക്ക് പുറത്തേക്കും കോൺഗ്രസിനുള്ളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പ്രധാനമായും കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകളുടെയും നേതൃത്വങ്ങളിലും പ്രവർത്തന രീതിയിലും ആണ് മാറ്റങ്ങൾ വരാനിരിക്കുന്നത്. തുടർച്ചയായി പ്രതിപക്ഷത്ത് തുടരുന്ന കോൺഗ്രസിനെ സംബന്ധിച്ച് അതിന്റെ യുവജന വിദ്യാർഥി സംഘടനകൾ ശക്തിയാർജിക്കേണ്ടത് അനിവാര്യതയാണ്. എന്നാൽ ഇപ്പോഴുള്ള സംഘടനകളുടെ പോക്കിൽ അത്രമേൽ പ്രതീക്ഷകൾ ഒന്നും ആർക്കുമില്ല. കെഎസ്‌യുവിനെ സംബന്ധിച്ചിടത്തോളം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനതലത്തിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞെങ്കിലും വിദ്യാർത്ഥി വിഷയങ്ങൾ ഏറ്റെടുക്കുന്നതിലും സമര രംഗത്തെക്ക് കടന്നു വരുന്നതിലും സംഘടന പിന്നോട്ടു പോയെന്നാണ് വിലയിരുത്തൽ. പല ജില്ലകളിലും പ്രവർത്തനങ്ങൾ നിർജീവമാണ്. സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കുന്ന പരിപാടികൾ പോലും മിക്ക ജില്ലകളിലും നടക്കുന്നില്ല. മാത്രവുമല്ല ജില്ലാ കമ്മിറ്റികൾക്ക് താഴെ നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റികളുടെ പുനസംഘടനയും എവിടെയും എത്താത്തതും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു.
കാലങ്ങളായി എ ഐ ഗ്രൂപ്പുകൾ ആയിരുന്നു കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അധ്യക്ഷ സ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലൂടെ പങ്കിട്ടിരുന്നത്. എന്നാൽ വർഷങ്ങളായുള്ള കീഴ് വഴക്കങ്ങളെ ആകെ തെറ്റിച്ചു കൊണ്ടായിരുന്നു അലോഷ്യസ് സേവ്യർ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. പൂർണ്ണമായും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒപ്പം നിൽക്കുന്ന അലോഷിയ്ക്കെതിരെ പല ഘട്ടങ്ങളിലും എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ രംഗത്ത് വരാറുണ്ട്. വിഎസ് ജോയിക്കും തുടർന്ന് കെ എം അഭിജിത്തിനും ലഭിച്ച സ്വീകാര്യതയൊന്നും പൊതു സമൂഹത്തിൽ അലോഷിയ്ക്ക് ലഭിക്കുന്നില്ല. കുറച്ചു വർഷക്കാലമായി കെഎസ്‌യുവിന്റെ തലപ്പത്തേക്ക് കടന്നുവരാറുള്ളത് എ ഗ്രൂപ്പ് നേതാക്കൾ ആയിരുന്നു. യുവജന വിദ്യാർഥി സംഘടനകളെ നയിച്ചതും എ ഗ്രൂപ്പ് നേതാക്കൾ തന്നെയായിരുന്നു. പല ഘട്ടങ്ങളിലും സംഘടനയ്ക്കുള്ളിൽ പ്രതിപക്ഷമായി ഐ ഗ്രൂപ്പും സജീവമായി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഏറെക്കുറെ എ ഐ ഗ്രൂപ്പുകൾ ശിഥിലമായതോടെ സംഘടനയിൽ പലതരത്തിലുള്ള സ്വരങ്ങൾ ഉയരുവാൻ തുടങ്ങി. ഇതെല്ലാം കൂടുതൽ വിഭാഗീയതയിലേക്കും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് വഴിമാറുകയും ചെയ്തു. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ സംഘടനാപരമായി കെ എസ് യു അങ്ങേയറ്റം ദുർബലമാണ്. തലസ്ഥാനനഗരിയിൽ അടക്കം പല സമരങ്ങളും ഏറ്റെടുക്കുന്നതിൽ പോലും സംഘടനയ്ക്ക് വീഴ്ചകൾ ഉണ്ടാകുന്നു. ഈ നിലയ്ക്ക് പോയാൽ വിദ്യാർഥികളെ കോൺഗ്രസിലേക്ക് ആകർഷിപ്പിക്കുവാൻ കെഎസ്‌യുവിനെ കൊണ്ട് കഴിയില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്.
അതുകൊണ്ടുതന്നെ വൈകാതെ തന്നെ നേതൃപരമായ മാറ്റങ്ങൾ വിദ്യാർത്ഥി സംഘടനയിൽ ഉണ്ടാകും. ഒരുപക്ഷേ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ അടിമുടി മാറ്റിയുള്ള അഴിച്ചു പണി പോലും നടന്നേക്കാം. അപ്പോഴും അലോഷിയ്ക്കു പകരം ആര് കടന്ന് വരുമെന്ന ചോദ്യമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മുൻപൊക്കെ കെഎസ്‌യു സംസ്ഥാന നേതൃത്വത്തിലേക്ക് ഒട്ടേറെ പേരുകൾ ഉയർന്നു വരുകയും നിന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾ ഒരാളിലേക്ക് എത്തുകയും ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇന്ന് അത്തരത്തിൽ ഒരുപാട് പേരുകൾ ഒന്നും ചർച്ചയായി പോലും വരുന്നില്ല എന്നതാണ് വാസ്തവം. ഇനി യുവജന സംഘടനയായ യൂത്ത് കോൺഗ്രസിലേക്ക് വന്നാൽ സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കൾക്ക് പലർക്കും താര പരിവേഷവും പൊതു സ്വീകാര്യതയും ഒക്കെ ലഭിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡന്റ് എംഎൽഎ ആയതോടെ തുടർ പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് ആശങ്കകൾ ഉണ്ട്. പ്രധാനമായും പാലക്കാട് പോലെ ഒരു മണ്ഡലത്തിൽ അവിടുത്തെ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ സജീവമായി നിലകൊള്ളേണ്ടതുണ്ട്. അതില്ലെങ്കിൽ ഒന്നരവർഷത്തിനുശേഷം വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നേക്കാം. പാലക്കാട് മണ്ഡലത്തിൽ ബിജെപിയുമായാണ് കോൺഗ്രസ് നേർക്കുനേർ മത്സരിക്കുന്നത്. അവിടെ ഏതെങ്കിലും തരത്തിൽ പരാജയം സംഭവിച്ചാൽ അത് സംസ്ഥാനത്ത് ആകെ ദോഷം ചെയ്യുമെന്ന കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായി അറിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പാലക്കാട് വിട്ടുള്ള പ്രവർത്തനങ്ങൾക്ക് രാഹുലിനെ കോൺഗ്രസ് നിർബന്ധിക്കുകയില്ല. അതേസമയം സംസ്ഥാന പ്രസിഡന്റ് ആയി തുടരുമ്പോൾ കേരളമാകെ ഓടിനടന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതായും വന്നേക്കാം. പ്രത്യേകിച്ച് പ്രതിപക്ഷ സംഘടനയുടെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കൂടിയാകുമ്പോൾ ഒട്ടേറെ സമരങ്ങൾ സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ മുന്നിൽ നിന്ന് നയിക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാഹുൽ പാലക്കാട്ട് തിരക്കിലാകുമ്പോൾ സംഘടന ഏറെക്കുറെ നിർജീവം തന്നെയായിരുന്നു. ഈ സമയത്ത് ഉയർന്നുവന്ന പല വിവാദങ്ങളും ഏറ്റെടുക്കുന്നതിൽ യൂത്ത് കോൺഗ്രസിന് പരാജയം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന നേതൃയോഗം കൂടി പുതിയ സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുലിന്റെ ഒഴിവുകൾ കൂടി നോക്കേണ്ടിവരും തുടർന്ന് യൂത്ത്കോൺഗ്രസിന്. അതൊരു യുവജന സംഘടനയെ സംബന്ധിച്ച് പ്രതിസന്ധികളിലേക്ക് നയിക്കുന്ന ഒന്നാണ്. മുൻപും എംഎൽഎമാർ ആയിട്ടുള്ളവർ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് വന്നിട്ടുണ്ട്. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് ഒരു ജനപ്രതിനിധി എന്ന നിലയിലും മുമ്പ് കെഎസ്‌യു അധ്യക്ഷൻ ആയിരിക്കുമ്പോഴും മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്നതിനുശേഷം സംഘടന വലിയ രീതിയിൽ ചലിപ്പിക്കാൻ ഒന്നും കഴിഞ്ഞിരുന്നില്ല. അതിന് തടസ്സമായി നിന്നത് പാലക്കാട്ടെ എംഎൽഎ സ്ഥാനമായിരുന്നു. അതേ ഘടകം തന്നെയാണ് ഇപ്പോൾ രാഹുലിനെയും ബാധിച്ചിരിക്കുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് രാഹുൽ മാറുകയുമില്ല. എ ഗ്രൂപ്പ് പ്രതിനിധിയായ രാഹുൽ മാറുമ്പോൾ ആ സ്ഥാനത്തേക്ക് വരുന്ന ആൾ ആരായിരിക്കുമെന്ന ആശങ്കകളും അതേ സ്ഥാനത്ത് തുടരുന്നതിന് കാരണമാകുന്നു. കെ എസ് യുവിൽ ഉണ്ടായതുപോലെ ഒരു അട്ടിമറി സംഭവിച്ചു യൂത്ത് കോൺഗ്രസും ഗ്രൂപ്പിന് കൈവിട്ടു പോകുമോ എന്ന ചിന്ത എ ഗ്രൂപ്പിന് ഉണ്ട്. അതുകൊണ്ടുതന്നെ വരുന്ന സംഘടനാ തെരഞ്ഞെടുപ്പ് വരെ രാഹുൽ തന്നെ തുടരുവാനാണ് സാധ്യത. എന്നാൽ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൂടുതൽ സംസ്ഥാന നേതാക്കൾക്ക് ചുമതലകൾ നൽകുവാനാണ് നിലവിലെ ധാരണ. ജില്ലകളുടെ ചുമതല ഇപ്പോഴുള്ളത് മാറ്റി നൽകിയേക്കും. സംഘടനാ ചുമതലകളും പ്രസിഡന്റിന്റെ വിശ്വസ്തർക്ക് നൽകുവാനാണ് ധാരണ. പ്രതിപക്ഷത്തു തുടരുന്ന അവസാന ഒന്നര വർഷക്കാലം സർക്കാരിനെതിരായ പോരാട്ടങ്ങളുടെ സമരക്കാലം ആക്കുവാനാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും ആലോചിക്കുന്നത്. എന്നാൽ അതിനുള്ള ആയുധവും ആൾബലവും ഇവർക്ക് രണ്ടു കൂട്ടർക്കും ഉണ്ടോ എന്നത് സംശയകരമാണ്. ഇതിനിടയിൽ കോൺഗ്രസ് നേതൃത്വം ഇരു സംഘടനകളുടെയും ചുമതല കെപിസിസി ഭാരവാഹികളായ രണ്ടുപേർക്ക് നൽകുന്നതിനും ആലോചിക്കുന്നുണ്ട്. മുൻപ് കെഎസ്‌യുവിന്റെ ചുമതല വി.ടി ബൽറാമിന് ആയിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി അദ്ദേഹം ചുമതല ഒഴിയുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ആകട്ടെ നിലവിൽ ആർക്കും ചുമതല നൽകിയിട്ടുമില്ല.
കെ എസ് യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും കടന്നുവന്ന കെപിസിസി ഭാരവാഹികൾക്ക് തന്നെയാണ് ഇരു സംഘടനകളുടെയും ചുമതല നൽകുവാൻ ആലോചിക്കുന്നത്. കെപിസിസി പുനഃസംഘടന അതിവേഗത്തിൽ പൂർത്തീകരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി യുവജന സംഘടനകളിലും പുതിയ മാറ്റങ്ങൾ നടപ്പിലാക്കുവാൻ കെപിസിസി ആലോചിക്കുന്നുണ്ട്. നിലവിൽ അതാത് ദേശീയ നേതൃത്വങ്ങളാണ് വിദ്യാർത്ഥി യുവജന സംഘടനകളെ ഏകോപിപ്പിക്കുന്നത്. അതിൽ നിന്നും മാറ്റം വരുത്തി ഇരു സംഘടനകളുടെയും ചരട് കെപിസിസിയിൽ തന്നെ കൊണ്ടുവരാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ചരിത്രത്തിന്റെ ഏടുകളിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിച്ച പാരമ്പര്യം കെ എസ് യു വിനും യൂത്ത് കോൺഗ്രസിനും ഉണ്ട്. ഇന്നിന്റെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുതിയ തലമുറയെ കൊണ്ട് അതിനു സാധിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.










