തൃശൂർ: കുമ്പളേങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ അഡീഷൻ സെഷൻസ് കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. എട്ട് ബിജെപി പ്രവർത്തകരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എട്ട് പേരും ഓരോ ലക്ഷം രൂപ വീതം പിഴയും നൽകണം. ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകണം.
2010 മെയ് പതിനാറിന് കേസിനാസ്പദമായ സംഭവം. കുമ്പളക്കാട് ഗ്രാമീണ വായനശാലയുടെ മുന്‍ഭാഗത്തുവച്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിൽ. കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ 6-ാം പ്രതി രവി മരിച്ചു.






