മലപ്പുറം: കൂരിയാട് ദേശീയ പാത വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു. കഴിഞ്ഞ ദിവസം ദേശീയ പാതയിലുണ്ടായ വിള്ളലിന് സമീപത്താണ് പുതിയ തകർച്ച. ആറുവരിപ്പാത ഇടിഞ്ഞു വീണതിനെ തുടർന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരുന്നു.
മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകർന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തതോടെ വയലിൽ വെള്ളമുയർന്നിട്ടുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്.
ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്‌ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ജനപ്രതിനിധികൾ, സമരസമിതി, നാട്ടുകാർ തുടങ്ങിയവർ ആവശ്യപ്പെടുന്നത്.






