ജമ്മു കാശ്മീർ : ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഷാഹിദ് കുട്ടായ്, അദ്നാൻ ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഈ രണ്ട് പേരും
ഷോപിയാൻ നിവാസികളാണ്. 2023 ൽ ലഷ്കറിൽ ചേർന്ന ഷാഹിദ് കുട്ടായ് കഴിഞ്ഞ വർഷം നടന്ന ഒരു ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നു. അതേസമയം ഒരു ബിജെപി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ അദ്നാൻ ഷാഫി ഷോപ്പിയാനിലെ വാച്ചിയിൽ ഒരു തദ്ദേശീയ തൊഴിലാളിയെ കൊലപ്പെടുത്തിയതിലും ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം ഷോപ്പിയാന ജില്ലയിലെ പല ഭാഗത്തും ഭീകരന്മാരായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരുടെ ചിത്രങ്ങളോട് കൂടിയ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട് , കൂടാതെ പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് തക്കതായ പാരിതോഷികവും പോസ്റ്ററിൽ വാഗ്‌ദാനം ചെയുന്നുണ്ട്.






