കെപിസിസി അധ്യക്ഷ സ്ഥാനത്ത് ആരു വരുമെന്ന ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുന്നതിനിടയിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ ഒരു പ്രസംഗം വിവാദമായി ഉയരുന്നത്. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസിക അവസ്ഥയിലാണെന്നും പലതും തുറന്ന് പറഞ്ഞാൽ ശത്രുക്കൾ കൂടുംമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുള്ള വേദിയിലായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രസംഗം. താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും. തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്.
സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പം അല്ലായിരുന്നു എന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു.താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവർ ഉണ്ട്. അവരെ ഒന്നും ആരും പറയാറില്ല.തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു.
ഈ പ്രസംഗത്തിന് ചെറിയ മാനമൊന്നുമല്ല ഇപ്പോഴത്തെ ആനുകാലിക സാഹചര്യത്തിൽ ഉള്ളത്. ഇന്ന് കോൺഗ്രസിലുള്ള മറ്റു നേതാക്കളെക്കാൾ താൻ എന്തുകൊണ്ടും ഈ പാർട്ടിയിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് അർഹനാണെന്ന സന്ദേശമാണ് കൊടിക്കുന്നിൽ നൽകുന്നത്. ഏതെങ്കിലും തരത്തിൽ തന്നെ പരിഗണിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം താൻ ദളിതൻ ആണെന്നത് ആണെന്നും അദ്ദേഹം പറയാതെ പറയുന്നുണ്ട്. പലയാവർത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം അവസാന നിമിഷം അദ്ദേഹത്തെ പരിഗണിക്കാതെ മറ്റു പേരുകളിലേക്ക് എത്തുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുമുണ്ട്. നിലവിൽ കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്.






