പാലക്കാട്: ഷൊർണൂർ കണയം കല്ലുരുട്ടിയാൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതിലൂടെ സമീപത്തെ വീടുകൾക്ക് ഉണ്ടായ കേടുപാടുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ എൻജിനിയറിങ് വിഭാഗത്തിന് നിർദേശം. അടുത്ത 3 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സെക്രട്ടറി നിർദേശം നൽകിയിട്ടുള്ളത്. ഇന്നലെ വൈകിട്ടോടെ കണയത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ നഗരസഭാധികൃതർ മിന്നൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലായി ക്വാറിയിൽ ഉഗ്ര ശബ്ദത്തോടുകൂടി കരിങ്കൽ പൊട്ടിക്കുന്നത് മൂലം വീടുകൾക്ക് കേടുപാടുകൾക്ക് സംഭവിച്ചു എന്നാണ് നാട്ടുകാരുടെ പരാതി.
ഇതിനോടകം 27 പരാതികളാണ് ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് ലഭിച്ചിട്ടുള്ളത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ക്വാറിയുടെ പ്രവർത്തനമെങ്കിലും രാവിലെ 4 മണി മുതൽ രാത്രി 11 വരെയും ക്വാറി പ്രവർത്തിപ്പിക്കുന്നുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി.
എന്നാൽ നിർദേശിച്ച സമയത്തിനപ്പുറം ക്വാറി പ്രവർത്തിപ്പിക്കുന്നില്ലന്നാണ് ക്വാറി ഉടമകളുടെ വാദം. ഉഗ്ര ശബ്ദത്തിൽ പാറ പൊട്ടിക്കുമ്പോൾ വീടിൻ്റെ ഓടുകൾ ഇളകി വീഴുകയും, ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും, വീടുകൾ കുലുങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്.കണയം കല്ലുരുട്ടി പ്രദേശത്ത് നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇന്നലെ വൈകിട്ടോടു കൂടിയാണ് കണയത്തുള്ള ക്വാറിയിൽ നഗരസഭ അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ കേടുപാടുകൾ പറ്റിയ വീടുകൾ പരിശോധിച്ചിട്ടുള്ള റിപ്പോർട്ട് എൻജിനിയറിങ് വിഭാഗം നഗരസഭ സെക്രട്ടറിക്ക് കൈമാറും.
പിന്നീട് റിപ്പോർട്ട് കൗൺസിലിൽ ചർച്ച ചെയ്ത ശേഷം മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് സമർപ്പിക്കുകയം പിന്നീട് ഇത് കോടതിയെ അറിയിക്കാനുമാണ് തീരുമാനം. വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. പിന്നീട് ഒരു വർഷം മുൻപാണ് നാലിലധികം പേർ ചേർന്ന് പ്രദേശത്തെ 20 ഏക്കർ സ്ഥലത്ത് ക്വാറി പ്രവർത്തനം ആരംഭിച്ചത് .പ്രദേശത്ത് ക്വാറി ആരംഭിക്കുന്നതിന് ഉടമകൾ നഗരസഭയെ സമീപിച്ചപ്പോൾ നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ക്വാറി ഉടമകൾ സെക്രട്ടറിയെ പ്രതി ചേർത്ത് കോടതിയിൽ നിന്നാണ് പ്രവർത്തനാനുമതി വാങ്ങിയെടുത്തത്.
ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണയം പ്രദേശവാസികൾ ക്വാറി വിരുദ്ധ ജനകീയ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്ത് വരുമെന്നാണ് നാട്ടുകാർ പറയുന്നത്. നഗരസഭാധ്യക്ഷ പി. നിർമല , ഉപധ്യക്ഷൻ എ.കെ. അനുരാജ്, സെക്രട്ടറി കെ. രാജേഷ്, അസിസ്റ്റൻ്റ് എൻജിനീയർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ , കൗൺസിലർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്വാറിയിൽ പരിശോധന നടത്തിയത്.






