കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21-ന് നടക്കും. അവധി ദിവസമായ ഞായറാഴ്ചയാണ് പുതിയ തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഡിസംബർ 20-ന് നിലവിലെ സമിതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് 21-ന് ഭരണസമിതി നിലവിൽ വരുന്നത്. പൊതു അവധി ദിവസങ്ങളിലും ആദ്യയോഗം ചേരാമെന്ന ഭേദഗതി ഈ ലക്ഷ്യത്തോടെയാണ് അടുത്തിടെ കൊണ്ടുവന്നത്.
രാവിലെ 11 മണിക്ക് ഭരണസമിതി നിലവിൽ വന്ന ശേഷം ആദ്യ യോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും വിജയിച്ച മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് ഈ അംഗത്തിന് മുന്നിൽ വെച്ച് മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.
ആദ്യയോഗത്തിൽ, അധ്യക്ഷൻ/മേയർ, ഉപാധ്യക്ഷൻ/ഡെപ്യൂട്ടി മേയർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി സെക്രട്ടറി അവതരിപ്പിക്കുകയും യോഗം തീരുമാനിക്കുകയും ചെയ്യും. മൂന്ന് ദിവസത്തെ നോട്ടീസ് നൽകിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനാൽ, ക്രിസ്മസിന് ശേഷമായിരിക്കും ഈ തിരഞ്ഞെടുപ്പുകൾ നടക്കുക. ജനുവരി ആദ്യവാരത്തോടെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പും നടക്കും.




