തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബിജെപിയിലേക്ക് മുസ്ലിം ലീഗില്‍ നിന്ന് പോലും സ്ഥാനാര്‍ഥി മോഹികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
പ്രധാനമായും ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വരുമ്പോഴാണ് തൊട്ടടുത്ത വഴിയായി പലരും പാര്‍ട്ടി മാറ്റം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നേതൃത്വത്തില്‍ നിന്നുണ്ടാകുന്ന അവഗണനയും ഏകാധിപത്യവും വിശ്വാസവഞ്ചനയുമടക്കം പല കാരണങ്ങളാണ് പാര്‍ട്ടി മാറുന്നവര്‍ പ്രധാന കാരണമായി ഉന്നയിച്ചുവരുന്നത്. ഇത്തവണയും സംസ്ഥാനത്ത് കൂറുമാറ്റം ശക്തമാണ്. സിപിഎം, കോണ്‍ഗ്രസ്സ്, സിപിഐ, ബിജെപി, മുസ്ലിം ലീഗ് തുടങ്ങി പ്രധാന പാര്‍ട്ടികളില്‍ നിന്നെല്ലാം നിരവധി പേര് മറ്റു പാര്‍ട്ടികളിലേക്ക് മാറിയിട്ടുണ്ട്.






