ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം അത്തരത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ വെറുമൊരു മത്സരം മാത്രമല്ല. ടൂർണമെന്റിന്റെ തന്നെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലടക്കം ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറിന്റേതാണ്. അതായത് ഏകദേശം 4500 കോടി ഇന്ത്യൻ രൂപ. ലോകത്തെ ഏത് ടൂർണമെന്റിലെയും മത്സരങ്ങളേക്കാൾ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാക് മത്സരത്തിലൂടെയും സമ്പാദിക്കാൻ സാധിക്കുന്നത്.
ഇന്ത്യ-പാക് മത്സരങ്ങൾക്കിടയിലെ 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ബ്രോഡ്കാസ്റ്റർമാർ ഈടാക്കുന്നത്. ഇത് മറ്റ് മുൻനിര ടീമുകൾക്കെതിരായ ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങൾക്കായി ഈടാക്കുന്നതിലും ഉയർന്ന തുകയാണ്. അതിനാൽ തന്നെ ആ മത്സരം നടന്നില്ലെങ്കിൽ അത് ടൂർണമെന്റിന്റെ മുഴുവൻ സാമ്പത്തിക ഘടനയേയും ബാധിക്കും.
ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കിൽ പരസ്യ വരുമാനത്തിൽ മാത്രം 300 കോടിക്കടുത്ത് നഷ്ടം വരുമെന്നാണ് വിലയിരുത്തൽ. ലോകകപ്പിലെ ഓരോ മത്സരത്തിന്റെയും മൂല്യം ഏകദേശം 138.7 കോടി രൂപയാണ്.
എന്നാൽ ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഇതിന്റെ ഇരട്ടിയിലധികമാണ്. മത്സരം നടന്നില്ലെങ്കിൽ അത് ബ്രോഡ്കാസ്റ്റർമാരായ ജിയോ സ്റ്റാറിന്റെ വരുമാനത്തെയും ബാധിക്കും. ഇതോടെ ഐസിസി ഇവർക്ക് നഷ്ടപരിഹാരം നൽകേണ്ടതായോ ഔദ്യോഗികമായി റിബേറ്റ് അനുവദിക്കേണ്ടതായോ വന്നേക്കും.






