കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രിയാണ് ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയത്.
രാത്രിയായതിനാൽ സ്കൂളിൽ ആളുകളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നുപറന്നതാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
ഏതാനും മാസം മുമ്പ് സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയിലെ ഓടുകളും സമാനമായ രീതിയിൽ തകർന്നിരുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വിമാനത്താവള അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അതേസമയം, ഇത്തരം സംഭവങ്ങളിൽ വിമാന കമ്പനികളാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ ലഭിച്ച പരാതികളിൽ വിമാനത്താവള അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.












