തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിയമനാവശ്യം ഉന്നയിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർഥി വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഇടപെട്ടല്ല ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം.
അതിനിടെ, സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ വീണ്ടും പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പന്തൽ വീണ്ടും സ്ഥാപിച്ചു. പൊലീസിനെ തടഞ്ഞെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമരം 129-ാം ദിവസത്തിലേക്ക് കടന്ന ദിവസമാണ് രാത്രി പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിവന്നിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു.
പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് റാങ്ക് ഹോൾഡേഴ്സ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. സ്ഥിരം പന്തൽ മാത്രമാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൺ ബി. കൃഷ്ണ വ്യക്തമാക്കി.
നടന്നുപോകാനുള്ള പൊതുജനങ്ങളുടെ അവകാശം തടസ്സപ്പെടുത്തി പന്തൽ സ്ഥാപിച്ചാൽ അത് നീക്കണമെന്നാണ് കോടതി നിർദേശമെന്നും അദ്ദേഹം പറഞ്ഞു. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസ് വന്ന സാഹചര്യത്തിലാണ് നടപടിയെന്നും നിരവധി തവണ നോട്ടീസ് നൽകിയ ശേഷമാണ് പന്തൽ പൊളിച്ചതെന്നും കമ്മീഷണർ വിശദീകരിച്ചു.
പൊലീസ് അവരുടെ ഔദ്യോഗിക ചുമതല മാത്രമാണ് നിർവഹിക്കുന്നതെന്നും സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളർമതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.


