ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ശുപാര്‍ശയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് ശുപാര്‍ശ. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് വിദഗ്ധ സമിതി വ്യക്തമാക്കുന്നത്.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.






