കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുന്‍പും സമാനകേസുകളില്‍ പോലീസ് പിടിയിലായിട്ടുണ്ട്. 2022-ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനാണ് അവര്‍ ഒടുവില്‍ പിടിയിലായത്.
സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് ഒന്‍പതുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവര്‍ക്ക് ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ചു. ബിന്ദു റിമാന്‍ഡില്‍ കഴിയുകയാണ്.
രണ്ടുമാസം മുന്‍പാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതെന്നും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് യുവതികളെ ഇങ്ങോട്ട് എത്തിച്ചുതുടങ്ങിയതെന്നുമാണ് വിവരം.
വീട് വാടകയ്ക്കെടുത്ത സമയത്ത് ഉടമകള്‍ക്ക് നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഫുട്ബാള്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയത്. അതിനുശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകളിലൊരാള്‍ വ്യക്തമാക്കി. അപ്പാര്‍ട്‌മെന്റിന് നാല് ഉടമകളാണുള്ളത്.
മാസങ്ങള്‍ക്ക് മുന്‍പ് ചില അയല്‍ക്കാര്‍ ഇവിടെയെത്തുന്നവരേക്കുറിച്ച് സംശയം അറിയിച്ചപ്പോള്‍ അന്വേഷിച്ചിരുന്നെന്നും ഉടമകളിലൊരാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചില ബന്ധുക്കളെ കാണാനാണ് ആളുകള്‍ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവര്‍ പറഞ്ഞിരുന്നത്. അയല്‍വാസികളില്‍ ചിലര്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു.






