ന്യൂഡൽഹി: ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വസീർപൂരിലെ വീട്ടിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ നസ്മ ,മക്കളായ ഇഖ്‌റ, ഷിഫ , ആരം, ഖതിജ എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പ്രദേശത്ത് ഹെയർ സലൂൺ നടത്തി വരികയായിരുന്നു.
ശനിയാഴ്ച രാത്രി 9.30ഓടെ നസീമിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് എല്ലാവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
കുടുംബത്തിന് ഇനി ജീവിക്കാൻ താൽപര്യമില്ലായ്മയാണ് സംഭവത്തിന് പിന്നിലെന്നാണ് നസീം പൊലീസിനോട് നൽകിയ പ്രാഥമിക മൊഴി. എന്നാൽ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്.






