പത്തനംതിട്ട: നട അടച്ചിരുന്ന സമയത്ത് ശബരിമലയിലെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ചെങ്ങറ സ്വദേശി അനീഷ് ആണ് കേസിലെ പ്രതി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അനധികൃതമായി കയറിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ആവശ്യമായപ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ശബരിമലയിൽ വിഷു ഉത്സവത്തിന് ശേഷം നട അടച്ച ഏപ്രിൽ 18-ന്റെ പിറ്റേന്നാണ് വീഡിയോ എടുത്തതെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ വാദം പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പമ്പാ എസ്.എച്ച്.ഒ വിജയ് ശങ്കർ അറിയിച്ചു. നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന പേരിൽ ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ വീഡിയോ നീക്കം ചെയ്തു.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ നട അടച്ചശേഷം അധികൃതർക്കല്ലാതെ മറ്റാർക്കും പ്രവേശനം അനുവദിക്കില്ല. എന്നിട്ടും പമ്പയിലെ പോലീസ് ചെക്കിങ് പോയിന്റ് കടന്ന് നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ കയറിയതാണ് വീഡിയോയിൽ കാണുന്നത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ എന്നിവിടങ്ങളിലൂടെ സന്നിധാനത്തെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പതിനെട്ടാംപടിക്ക് താഴെ വരെയുള്ള ഭാഗങ്ങൾ വരെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.






