ഹേഗ്: ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് നടത്തിയ വധശ്രമം സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി. കിരീടാവകാശിയായ കാതറിന അമാലിയ (22)യും സഹോദരി അലക്‌സിയ (20)യും ലക്ഷ്യമിട്ടാണ് ആക്രമണശ്രമം നടന്നത്. സംഭവത്തിൽ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ അറസ്റ്റ് ചെയ്തതായി നെതർലൻഡ്‌സ് അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആക്രമണശ്രമം ഉണ്ടായത്. നാസി ആശയങ്ങളിൽ നിന്നുള്ള പ്രചോദനമാണ് പ്രതിയെ ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു. പ്രതിയിൽ നിന്ന് ‘അലക്‌സിയ’, ‘മൊസാദ്’ തുടങ്ങിയ വാക്കുകൾ കൊത്തിയ രണ്ട് വാളുകൾ കണ്ടെത്തിയിട്ടുണ്ട്. നാസി അഭിവാദ്യമായ ‘സീഗ് ഹെയ്ൽ’ എന്ന വാക്കും വാളുകളിൽ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ‘അമാലിയ’, ‘അലക്‌സിയ’, ‘രക്തച്ചൊരിച്ചിൽ’ തുടങ്ങിയ വാക്കുകൾ ഉൾപ്പെട്ട കുറിപ്പും പിടിച്ചെടുത്തു.
ഹേഗിൽ വെച്ച് അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ആക്രമണശ്രമത്തിന് പിന്നിലെ വ്യക്തമായ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ സ്വകാര്യത നിയമങ്ങൾ പ്രകാരം പ്രതിയുടെ കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
രാജാവ് വില്ലെം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും ദമ്പതികളുടെ മക്കളാണ് അമാലിയയും അലക്‌സിയയും. ഏപ്രിൽ 27-ന് നടന്ന കിങ്‌സ് ഡേ ആഘോഷത്തിൽ കർശന സുരക്ഷാ വലയത്തിലാണ് ഇവർ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയിലെ വധശ്രമ വിവരം പുറത്തുവന്നത്.
അമാലിയയെ ലക്ഷ്യമിട്ട് മുൻപ് തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 2022-ൽ മയക്കുമരുന്ന് മാഫിയ രാജകുമാരിയെയും ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടെയെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. രഹസ്യ ആശയവിനിമയം ചോർന്നതോടെയാണ് ആ പദ്ധതി പരാജയപ്പെട്ടത്. 2020-ൽ അമാലിയക്കെതിരെ ബലാത്സംഗ ഭീഷണിയും ഉയർന്നിരുന്നു.
സുരക്ഷാ പ്രശ്നങ്ങൾ കാരണം 2022-ൽ ആംസ്റ്റർഡാമിലെ പഠനം ഉപേക്ഷിച്ച് അമാലിയ കൊട്ടാരത്തിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് 2024-ൽ പഠനം തുടരാൻ രഹസ്യമായി മാഡ്രിഡിലേക്ക് താമസം മാറി.
സുരക്ഷാ ഭീഷണികൾ കാരണം മകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ പോലും കഴിയുന്നില്ലെന്ന് രാജ്ഞി മാക്‌സിമ മുമ്പ് വ്യക്തമാക്കിയിരുന്നു. സാധാരണ ജീവിതം നഷ്ടപ്പെട്ടതായി അമാലിയയും പിന്നീട് പ്രതികരിച്ചു.




