കോട്ടയം : മണിപ്പുഴ- മൂലേടം കവല റോഡിന് വീതി കൂട്ടുന്ന ജോലി പുരോഗമിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങൾ വീണ്ടെടുത്ത് ടാർ ചെയ്യാൻ തുടങ്ങി. ഈരയിൽ കടവ് ബൈപാസ് വന്നു ചേരുന്നയിടത്ത് റോഡിന് നടുവിലുള്ള കോൺക്രീറ്റ് കൈവരി കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. ഈ കൈവരി മാറ്റി ടാർ ചെയ്യുന്നതോടെ റോഡിന് ആറ് മീറ്റർ വീതി ലഭിക്കും
തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്കിനു ഇതു പരിഹാരമാകും.ഇവിടെ കനാലിന് കുറുകെ സമാന്തരമായി നിർമിച്ച രണ്ട് പാലങ്ങളെ വേർതിരിക്കാനായാണ് നടുവിൽ കോൺക്രീറ്റ് കൈവരി നിർമിച്ചത്. ഇത് മൂലം ഒട്ടേറെ വാഹനങ്ങൾ അപകടങ്ങൾക്കു കാരണമായിരുന്നു.
രണ്ട് പാലങ്ങൾക്ക് നടുവിലുള്ള വിടവ് കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കും. മണിപ്പുഴ മുതൽ മൂലേടം കവല വരെ റോഡ് വർഷങ്ങളായി തകർച്ചയിലാണ്. റോഡിന്റെ പലഭാഗത്തും ടാറിങ്ങിന് നാല് മീറ്റർ മാത്രമാണ് വീതിയുള്ളത്.റെയിൽവേ മേൽപാലത്തിന്റെ മണിപ്പുഴയിൽനിന്നുള്ള സമീപന പാതയിൽ വെള്ളക്കെട്ട് മൂലം റോഡ് തകർന്നിടത്ത് കോൺക്രീറ്റ് ബ്ലോക്ക് ഇടുന്നതും ആരംഭിച്ചു. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചാണ് പണി നടത്തുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ടാർ ചെയ്യുന്നത്. റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരവധി തവണ സമരം നടത്തി പ്രതിഷേധിച്ചിരുന്നു.




