ആലപ്പുഴ: ആലപ്പുഴയിലെ മണ്ണഞ്ചേരി ബിജു കൊലപാതകക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2024 ജൂലൈ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവായ ബിജു (48)വിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ബിജുവുമായി പ്രതിക്ക് ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. വിചാരണ തടവുകാരനായി തുടരുന്നതിനിടെയാണ് പ്രതിക്കെതിരായ വിധി പ്രസ്താവിച്ചത്.




