ടെക്‌സസ്: സാൻ അന്റോണിയോയിൽ യുവതിയെയും മൂന്ന് വയസ്സുകാരിയായ മകളെയും ക്രൂരമായി ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനായ അഥർവ വ്യാസ് (24) ടെക്‌സസിൽ അറസ്റ്റിലായി. ഏപ്രിൽ 18നായിരുന്നു സംഭവം.
ഗബ്രിയേല പെരസും മകളും പാർക്കിൽ നടക്കുന്നതിനിടെ അഥർവ പിന്നിൽ നിന്ന് മുടിയിൽ പിടിച്ച് വലിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഇരുവരും നിലത്തുവീണു. തുടർന്ന് കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റതോടൊപ്പം രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തി.
സംഭവസമയത്ത് ദൃക്‌സാക്ഷിയായ ഒരാൾ പ്രതിയെ പിടിച്ചുകെട്ടിയതിനെ തുടർന്ന് പോലീസിന് ഇയാളെ കസ്റ്റഡിയിലെടുക്കാനായി. 2023 ഓഗസ്റ്റിൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ അഥർവയുടെ വിസ 2025-ൽ റദ്ദാക്കിയിരുന്നുവെന്നും ഇയാൾ നിയമവിരുദ്ധമായി യുഎസിൽ തുടരുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
മുൻപ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ക്യാമ്പസിൽ ആക്രമണക്കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും, തുടർന്ന് ഇമിഗ്രേഷൻ നിയമലംഘനം സംബന്ധിച്ച് ഐസിഇയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ അന്ന് കർശന നടപടി സ്വീകരിച്ചിരുന്നില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
ഇപ്പോൾ കേസ് നടപടികൾ പൂർത്തിയായ ശേഷം പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) രംഗത്തെത്തി. പ്രതിയെ സമൂഹത്തിലേക്ക് വീണ്ടും വിട്ടയക്കാതെ നിയമനടപടികൾക്ക് വിധേയമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.




