തൃശ്ശൂർ: കടലിലെ ചൂട് കൂടിയതിനെ തുടർന്ന് തീരദേശ മേഖലയിൽ മത്സ്യക്ഷാമം രൂക്ഷമായതായി റിപ്പോർട്ട്. മത്സ്യം ലഭിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും വള്ളങ്ങളും ദിവസങ്ങളായി കടലിൽ ഇറങ്ങാതെ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. പുറപ്പെട്ടാലും ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതാണ് കാരണം.
ഡീസൽ, മണ്ണെണ്ണ വില വർധിച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി തൊഴിലാളികൾ പറയുന്നു. കൂലിച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട് ഹാർബർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തൊഴിലാളികളും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ജില്ലയിൽ 10,436 മത്സ്യത്തൊഴിലാളികളുണ്ടെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
അനുബന്ധ മേഖലകളെ കൂടി കണക്കിലെടുത്താൽ 25,000ത്തിലേറെ പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ബോട്ടുകളും വലിയ വള്ളങ്ങളും മാത്രമല്ല, ചെറുവള്ളങ്ങളും മാസങ്ങളായി കടലിലിറങ്ങാത്ത അവസ്ഥയിലാണ്. മത്സ്യം ലഭിക്കാത്തതിനാൽ വരുമാനം പൂർണമായും നിലച്ചതായി എറിയാട്, കാര, ലോറിക്കടവ് എന്നിവിടങ്ങളിലെ തൊഴിലാളികൾ അറിയിച്ചു. കടലിന്റെ മേൽതട്ടിലേക്ക് മത്സ്യം വരുന്നില്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് തൊഴിലാളികൾ പറയുന്നു.




