തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിൽ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമായിരുന്നെന്നുമാണ് പ്രതികരണം. സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകള്‍ ആക്രമിച്ചിട്ടില്ല. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. എന്നാല്‍ പൊലീസ് സമരക്കാരെ അന്യായമായി തടവില്‍ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. കേസെടുക്കാന്‍ മാത്രമുള്ള ആക്രമണങ്ങള്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ നടന്നിട്ടില്ല എന്നും കൂട്ടിച്ചേർത്തു.
നിതിന്‍ രാജിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രി പോകേണ്ടവര്‍, അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്കൊക്കെ പൊലീസുകാര്‍ സൗകര്യങ്ങള്‍ ഒരുക്കണമായിരുന്നെന്നും പോകേണ്ട സ്ഥലങ്ങളിലേക്ക് പൊലീസ് വാഹനത്തില്‍ ഇവരെ എത്തിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




