പാലക്കാട്: പാലക്കാട് ഒലവക്കോട് വൻ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്.
ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ടാണ് പ്രതികൾ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ചതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്.
പ്രതികൾ സ്ഥിരം ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും ഇവർക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.



