തിരുവനന്തപുരം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. മൂന്നുമാസത്തിനിടെ നടന്ന മോഷണങ്ങളിൽ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള സ്വർണമാണ്. ആവർത്തിക്കുന്ന സംഭവങ്ങൾ തടയാൻ പോലീസിനു കഴിയുന്നില്ല.
ആവശ്യത്തിന് പോലീസുകാർ കുറവാണെന്നത് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ആളില്ലാത്ത വീട് കുത്തിത്തുറന്ന് മൂന്ന് പവൻ മോഷ്ടിച്ചതാണ് അവസാന സംഭവം. തൂങ്ങാംപാറ ഇറയംകോട് സൈദ്ധവത്തിൽ സന്ധ്യാറാണിയുടെ വീട് കുത്തിത്തുറന്നാണ് മേശയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചത്.
പുന്നാവൂർ കൈതയിൽ 35 പവൻ നഷ്ടപ്പെട്ട വീട് റൂറൽ എസ്‌പി കെ.എസ്. സുദർശൻ സന്ദർശിച്ചിരുന്നു. തുടർച്ചയായിയുണ്ടാകുന്ന മോഷണങ്ങൾക്കു തുമ്പുകണ്ടെത്താൻ ആറ് പേരടങ്ങുന്ന സ്‌ക്വാഡും രൂപവത്കരിച്ചിരുന്നു. ആളില്ലാത്ത വീടുകളിലാണ് മോഷണങ്ങൾ നടന്നത്. വീടുപൂട്ടി ഉടമ പുറത്തേക്കു പോകുന്ന തക്കംനോക്കിയാണ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നത്.
അടുത്തിടെ ഇവിടങ്ങളിൽ നടന്ന മോഷണങ്ങളെല്ലാം ഒരേ രീതിയിലുള്ളതായിരുന്നു. രാത്രി ഏഴിനും പത്തിനുമിടയിലാണ് മോഷണങ്ങൾ നടക്കുന്നത്. പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചശേഷം അകത്തുകയറുകയും മുൻവശത്തെ വാതിൽ ലോക് ചെയ്തുമാണ് മോഷണം നടത്തുന്നത്. വീട്ടുകാർ തിരിച്ചെത്തിയാൽ പെട്ടെന്ന് അകത്ത് കയറാതിരിക്കാനാണ് ഈ മുൻകരുതൽ. വീട്ടുടമ എത്തുമ്പോഴേക്കും പുറകിലെ വാതിലിലൂടെ കടന്നുകളയും. അതിനാൽ നിരീക്ഷണ ക്യാമറകളിലൊന്നുംതന്നെ മോഷ്ടാവിന്റെ ദൃശ്യവും ലഭിച്ചിട്ടില്ല. ഇതാണ് പോലീസിനും വെല്ലുവിളിയാകുന്നത്.
അടുത്തിടെ മാറനല്ലൂരിൽ നടക്കുന്ന സമരപരിപാടികളും പോലീസിനെ കുഴയ്ക്കുന്നു. പാതിവഴിയിൽ പഠനം നിർത്തിയ 15 വിദ്യാർഥികൾ കണ്ടലയിലെ ഫാർമസി കോളേജിനു മുന്നിൽ ആഴ്ചകൾക്കു മുൻപ് സമരം ആരംഭിച്ചിരുന്നു.
അഡ്മിഷൻ സമയത്ത് ഇവരുടെ കൈയിൽനിന്നുവാങ്ങിയ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നിെല്ലന്ന് ആരോപിച്ചാണ് സമരം ആരംഭിച്ചത്. കോളേജിനു മുന്നിൽ ആരംഭിച്ച സമരം പരിഹാരമില്ലാതായതോടെ വിദ്യാർഥികൾ തിരക്കേറിയ ബാലരാമപുരം-കാട്ടാക്കട റോഡിൽ കണ്ടല കവലയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് ബലപ്രയോഗത്തിലൂടെ പോലീസ് വിദ്യാർഥികളെ മാറ്റാൻ ശ്രമിച്ചപ്പോൾ വിദ്യാർഥികളിൽ രണ്ടുപേർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പോലീസ് സമരക്കാരെ റോഡിൽനിന്ന് ഒഴിപ്പിച്ചതും ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
പ്രധാന റോഡിലെ സമരം മറ്റു യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. എന്നാൽ ഇതുവരെയും വിദ്യാർഥികളുടെ സമരത്തിനു പരിഹാരമായിട്ടില്ല. പോലീസിനുനേരേ ആക്രമണം പതിവ്: അംഗബലമില്ലാത്ത പോലീസിനെ ആക്രമിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഒന്നരവർഷംമുൻപ് തൂങ്ങാംപാറയിലെ കോളനി കേന്ദ്രീകരിച്ച് കഞ്ചാവുകേസ് പ്രതിയെ പിടികൂടാൻ പോയ മാറനല്ലൂർ പോലീസിനുനേരേ ആക്രമണമുണ്ടായി.
രണ്ടുവർഷം മുൻപ് കണ്ടല മൈതാനത്ത് സമൂഹവിരുദ്ധർ അഴിഞ്ഞാടുന്നുവെന്ന നാട്ടുകാരുടെ പരാതി അന്വേഷിച്ചെത്തിയ പോലീസിനെ ആക്രമിക്കുകയും പോലീസ്ജീപ്പ് തല്ലിത്തകർക്കുകയുമുണ്ടായി. കോട്ടമുകൾ കേന്ദ്രീകരിച്ച് ഒരു യുവാവിനെ തിരക്കിയെത്തിയ എസ്ഐയെയും രണ്ട് പോലീസുകാരെയും സംഘംചേർന്ന് മർദിച്ചു.
മറ്റ് സ്റ്റേഷനുകളിൽനിന്നു കൂടുതൽ പോലീസെത്തിയശേഷമാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ പിടികൂടാനായതും മാറനല്ലൂരിൽ പോലീസിനു രക്ഷപ്പെടാൻ കഴിഞ്ഞതും.
അംഗബലം 20-ൽ താഴെ; ആളെ നിയോഗിക്കുന്നില്ല :എസ്എച്ച്ഒ-ഒന്ന്, എസ്‌ഐ-ഒന്ന്, ഗ്രേഡ് എസ്‌ഐ-ഒന്ന്, വനിതാ പിസി-മൂന്ന്, സിപിഒ-12 എന്നിങ്ങനെ 18 പേരാണ് ആകെയുള്ളത്.കുറഞ്ഞത് 30 പേരെങ്കിലും വേണ്ടിടത്താണിത്. പുതിയ നിയമനങ്ങൾക്കായി ഇടപെടലുകൾ ഉണ്ടാകുന്നില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മാറനല്ലൂർ സ്റ്റേഷനിൽ ആളെ നിയോഗിക്കാൻ കഴിയാത്തത് നാട്ടുകാരെ ഭീതിയിലാക്കുന്നു.






