ടെക്സസ്: ഇറാനെതിരായ യുദ്ധത്തിൽ വ്യക്തമായ ലക്ഷ്യങ്ങളോ ആസൂത്രിതമായ പദ്ധതികളോ ഇല്ലാതെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് പോകുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി വിമർശിച്ചു.
ആസൂത്രണമില്ലാത്ത യുദ്ധനീക്കങ്ങൾ അമേരിക്കയുടെ ആയുധശേഖരത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും മാർക്ക് കെല്ലി ചൂണ്ടിക്കാട്ടി. ഞായറാഴ്ച സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടോമാഹാക്ക് മിസൈലുകൾ, പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങൾ, സ്മാർട്ട് മിസൈലുകൾ തുടങ്ങിയ ആയുധങ്ങളുടെ ശേഖരത്തിൽ വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇത് ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ബാധിക്കുമെന്നും നിലവിലെ ആയുധശേഖരം പുനഃസ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും കെല്ലി വ്യക്തമാക്കി.
പുതിയ യുദ്ധങ്ങൾ ആരംഭിക്കില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ട്രംപ് ഇപ്പോൾ അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മാർക്ക് കെല്ലി ആരോപിച്ചു. അമേരിക്കയുടെ വിദേശനയത്തെയും സുരക്ഷാ തന്ത്രങ്ങളെയും ഇത് പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






