ലക്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർ ജീവനോടെ വെന്തുമരിച്ചു. അസം ചൗരാഹ പ്രദേശത്തിന് സമീപമാണ് ഞായറാഴ്ച രാത്രി അപകടം നടന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
ബഹ്‌റൈച്ച് ബൈപാസിൽ ഇരുമ്പ് യന്ത്രങ്ങൾ നിറച്ച പഞ്ചാബ് രജിസ്ട്രേഷനിലുള്ള ട്രക്ക്, ഹരിയാന രജിസ്ട്രേഷനിലുള്ള സിമന്റ് ലോറി, ലഖ്‌നൗ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എന്നിവ തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിക്ക് പിന്നാലെ ട്രക്കും ട്രെയിലറും തീപിടിച്ചു.
വാഹനങ്ങളുടെ ക്യാബിനിൽ കുടുങ്ങിയ രണ്ട് ഡ്രൈവർമാരാണ് മരിച്ചത്. തീപിടിത്തം നിയന്ത്രിച്ചതിന് ശേഷം തകർന്ന ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇതിനായി ഏകദേശം മൂന്ന് മണിക്കൂർ എടുത്തതായി പൊലീസ് പറഞ്ഞു.
ട്രെയിലർ ഡ്രൈവർ പ്രയാഗ്‌രാജ് സ്വദേശി ജീത്ലാൽ യാദവ് (55) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ട്രക്കിന്റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ട്രെയിലറിലുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു, ഇയാൾ ചികിത്സയിലാണ്.
പിക്കപ്പ് വാഹനം സംഭവസ്ഥലത്ത് കേടുപാടുകളോടെ കണ്ടെത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. പിക്കപ്പിലുണ്ടായിരുന്ന മൂന്ന് പേർ സംഭവശേഷം ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




