ന്യൂഡൽഹി: പാകിസ്ഥാൻ അധീന കാശ്മീരിലെ റാവൽകോട്ട് നഗരത്തിൽ ജനകീയ പ്രക്ഷോഭത്തിനിടെ വൻ സംഘർഷം. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില, അമിത വൈദ്യുതി ബിൽ, ഉയർന്ന നികുതി ഭാരം എന്നിവയ്‌ക്കെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം പാക് സുരക്ഷാസേനയുടെ വെടിവെപ്പിൽ കലാശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിനുനേരെ പാക് റേഞ്ചേഴ്സും പൊലീസും നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 19 ആയി ഉയർന്നതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ സിവിൽ സൊസൈറ്റി കൂട്ടായ്മയെ പാകിസ്ഥാൻ ഭരണകൂടം ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചിരുന്നു. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. ഒരു പ്രതിഷേധക്കാരന്റെ ശവസംസ്കാര ചടങ്ങിനിടെ പാക് സൈന്യം ഇടപെട്ടതോടെ സ്ഥിതി കൂടുതൽ വഷളാവുകയും സംഘർഷം റാവൽകോട്ട് നഗരത്തിന് പുറത്തുള്ള ആശുപത്രി മോർച്ചറിക്ക് സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയുമുണ്ടായി.
പ്രക്ഷോഭത്തിന് പിന്നിലെ കാരണം
പാകിസ്ഥാനിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ സബ്‌സിഡികൾ പിൻവലിച്ചതോടെ ഗോതമ്പ് മാവ്, അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. അവശ്യസാധനങ്ങൾക്ക് വീണ്ടും സബ്‌സിഡി അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം, ജലവൈദ്യുത പദ്ധതികൾ വ്യാപകമായി പ്രവർത്തിക്കുന്ന മേഖലയായ പൂഞ്ച്, റാവൽകോട്ട് പ്രദേശങ്ങളിലെ ജനങ്ങൾ അമിതമായ വൈദ്യുതി നിരക്കും നികുതിയും ഈടാക്കുന്നതിനെതിരെയും പ്രതിഷേധിക്കുന്നു. തങ്ങളുടെ പ്രദേശത്ത് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ന്യായമായ നിരക്ക് മാത്രം ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ആദ്യഘട്ടത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധം പാക് സൈന്യത്തെയും ഫെഡറൽ പാരാമിലിട്ടറി സേനയെയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതാണ് ജനരോഷം വർധിപ്പിച്ചതെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം.
നിലവിൽ റാവൽകോട്ട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും ഭാഗികമായി വിച്ഛേദിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മുസാഫറാബാദ്, കോട്‌ലി, നീലം വാലി തുടങ്ങിയ മറ്റ് മേഖലകളിലേക്കും പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.





