ഒരിക്കലും നന്നാവില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും വലിയ ടെസ്റ്റിങ് ഏജൻസി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായ കോളിളക്കങ്ങളെല്ലാം നാം കണ്ടതാണ്. ഒരു കേന്ദ്രമന്ത്രിയുടെ രാജിയിൽ വരെ എത്തിയ ആ വിവാദത്തിന് ശേഷവും കാര്യങ്ങളിൽ യാതൊരു മാറ്റവുമില്ല. ഇപ്പോഴിതാ നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതര പിഴവുകൾ സംഭവിച്ചുവെന്ന കണ്ടെത്തലാണ് പുറത്ത് വരുന്നത്. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകൾ കണ്ടെത്തിയത്. ആവർത്തിച്ചുള്ള ചോദ്യങ്ങളും അക്ഷരപിശകുകളും ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരുന്നതായി നാഷണൽ ടെസ്റ്റിങ് ഏജൻസി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. പിഴവുകൾ കണ്ടെത്തിയതോടെ മൂന്ന് വിഷയങ്ങളിലും പുനപരീക്ഷ നടത്തണമെന്ന് സമിതി ശുപാർശ ചെയ്യുകയായിരുന്നു.
പിന്നാലെ എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. എൻടിഎ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. എൻടിഎ നാണക്കേടായെന്നും ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്‌നം ഒഴിവാകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.മറ്റൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് വീണ്ടും കാര്യങ്ങൾ പോകുമോ എന്നതാണ് കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നത്.
ജൂണിലാണ് പരീക്ഷ നടന്നത്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മൂന്ന് വിഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എൻടിഎയ്ക്ക് ലഭിച്ചിരുന്നുവെന്നും ഇതേ തുടർന്ന് പരാതികൾ പരിശോധിക്കാനായി നിയോഗിച്ച സമിതി ചോദ്യപേപ്പറിൽ നിരവധി പിശകുകൾ ഉള്ളതായി മനസിലാക്കിയെന്നും ഏജൻസി തന്നെ അറിയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ചെറിയ പിഴവുകളല്ല സംഭവിച്ചിരിക്കുന്നത്, വസ്തുതാപരമായ തെറ്റുകൾ, അക്ഷരപിശകുകൾ, തർജിമ പിശകുകൾ എന്നിങ്ങനെ അനവധി പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. പല വിദഗ്ധരുടെയും പേരുകൾ തന്നെ തെറ്റായാണ് നൽകിയിട്ടുള്ളത്. തർജമയ്ക്കും മറ്റും എഐ ഉപയോഗിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷാ നടത്തിപ്പ് കേന്ദ്രത്തിന് സംഭവിച്ച
വികലമായ പുസ്തക ശീർഷകങ്ങൾ, ചോദ്യങ്ങളിലെ ഘടനാ പ്രശ്‌നങ്ങൾ, വ്യാകരണ പിശകുകൾ, അസാധാരണമായ പദപ്രയോഗങ്ങൾ, ചോദ്യങ്ങളുടെ ആവർത്തനം ഉൾപ്പെടെ സമിതി കണ്ടെത്തിയതായി എൻടിഎ വ്യക്തമാക്കി. അന്വേഷണത്തിന് പിന്നാലെ ഈ മൂന്ന് വിഷയങ്ങളിലും പുനപരീക്ഷ നടത്തണമെന്ന നിർദേശവും സമിതി മുന്നോട്ടുവച്ചുവെന്നും എൻടിഎ അറിയിച്ചു. സോഷ്യോളജിയിൽ ഹിന്ദി പരീക്ഷ പരിഭാഷയിലുൾപ്പെടെ പിഴവുകൾ വ്യക്തമായി. ചില ഭാഗങ്ങൾ എഐയിൽ നിർമ്മിച്ചതെന്നും വിദഗ്ധസമിതി റിപ്പോർട്ടിലുണ്ട്. ഇംഗ്ലീഷ് പേപ്പറിൽ 67 ചോദ്യങ്ങൾ 2024, 2025 പരീക്ഷയിലെ ചോദ്യങ്ങളുടെ ആവർത്തനമാണ്. കൊമേഴ്‌സ് പരീക്ഷയിലും സമാനമായ പിഴവാണ് കണ്ടെത്തിയത്. സോഷ്യോളജി ചോദ്യപേപ്പറില്‍ വന്ന അക്ഷരപിശകുകളും വാക്കുകള്‍ മാറ്റി ഉപയോഗിച്ചതും അടക്കമുള്ളവ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷയത്തില്‍ പ്രതിഷേധിച്ചു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് മോദിജി, താങ്കളുടെ എന്‍.ടി.എ ഇപ്പോള്‍ എന്താണ് ചെയ്തതെന്ന് നോക്കൂവെന്നായിരുന്നു എക്‌സിലൂടെ പ്രതികരണം. ജൂണ്‍ 22 മുതല്‍ 30 വരെ നടന്ന യു.ജി.സി-നെറ്റ് പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളില്‍ പിഴവുകളും പഴയ ചോദ്യങ്ങളുടെ ആവര്‍ത്തനവും ഉണ്ടായതിനെ തുടര്‍ന്നാണ് പരീക്ഷ വീണ്ടും നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
വര്‍ഷങ്ങളോളം പരീക്ഷക്കായി തയ്യാറെടുത്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബറില്‍ വീണ്ടും പരീക്ഷയെഴുതേണ്ടി വരുന്നത് അനീതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അപേക്ഷാ ഫീസ് അടക്കുകയും ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇതെല്ലാം വീണ്ടും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ടി.എയുടെ പിഴവിന് വിദ്യാര്‍ഥികളാണ് ശിക്ഷ അനുഭവിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്‍.ടി.എയുടെ നേതൃത്വത്തെയും ഉത്തരവാദികളാക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്റെ രാജി നടപടികളുടെ തുടക്കം മാത്രമായിരുന്നുവെന്നും എന്‍.ടി.എ നേതൃത്വത്തിനെതിരെയും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ സംവിധാനം വിദ്യാര്‍ഥികളുടെ പണവും വര്‍ഷങ്ങളായുള്ള അധ്വാനവും മാനസികാരോഗ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തുന്ന നിലയിലാണ് പ്രവർത്തിച്ചു പോകുന്നത്. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്ക് എന്‍.ടി.എ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല എന്ന് മാത്രമല്ല, പ്രതിഷേധങ്ങൾക്കും രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കുട്ടികളുടെ ഭാവിക്കും പുല്ലുവില കൽപ്പിച്ച് വീണ്ടും വീണ്ടും പിഴവുകൾ ആവർത്തിക്കുക കൂടി ചെയ്യുകയാണ് എന്നതാണ് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നോ എന്ന കാര്യത്തിലും എന്‍.ടി.എ ഒരു വ്യക്തതയും നൽകിയിട്ടില്ല. സെപ്റ്റംബറില്‍ വീണ്ടും പരീക്ഷയെഴുതേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ മനസിലാക്കാൻ അധികാരമാളുന്നവർക്ക് കഴിയുന്നില്ലേ? അവരുടെ അധ്വാനം പാഴാകുന്നതിനെതിരെ പ്രതിപക്ഷം ശബ്ദം ഉയർത്തുക തന്നെ വേണം. അല്ലെങ്കിൽ ഓരോ പരീക്ഷ കഴിയുമ്പോഴും രാജ്യത്ത് അനേകം ആത്മഹത്യകളുടെ വാർത്തകൾ നാം ഇനിയും വായിക്കേണ്ടി വരും. പുനഃപരീക്ഷ അക്കാദമിക് കലണ്ടറിനേയും മോശമായി ബാധിക്കും.
ജൂണില്‍ പരീക്ഷ നടന്നതിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളില്‍ വസ്തുതാപരവും അച്ചടിപരവും വിവര്‍ത്തനവുമായി ബന്ധപ്പെട്ടതുമായ പിഴവുകള്‍ എന്‍.ടി.എ കണ്ടെത്തിയത്. ഇത്തരം ഗുരുതരമായ പിഴവുകള്‍ കണ്ടെത്താന്‍ ഏകദേശം രണ്ട് മാസം വേണ്ടിവന്നു എന്ന് പറയുമ്പോൾ എത്രത്തോളം മോശമാണ് നമ്മുടെ സിസ്റ്റം എന്ന് മനസിലാക്കാം. അതേസമയം ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപേപ്പറുകളിലെ നിരവധി പിഴവുകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചതായി എന്‍.ടി.എ അറിയിച്ചു. പിഴവുകള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നെന്നും കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും എന്‍.ടി.എ വ്യക്തമാക്കി. നീതിപൂര്‍വവും പിഴവുകളില്ലാത്തതുമായ പരീക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും എന്‍.ടി.എ അറിയിച്ചു. ഇംഗ്ലീഷും കൊമേഴ്‌സും സെപ്റ്റംബര്‍ ഒമ്പതിനും സോഷ്യോളജി സെപ്റ്റംബര്‍ പത്തിനും വീണ്ടും പരീക്ഷ നടത്തും. പുനഃപരീക്ഷക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് അധിക ഫീസ് ഈടാക്കില്ലെന്നും എന്‍.ടി.എ വ്യക്തമാക്കി. മറ്റ് 84 വിഷയങ്ങളിലെ ഫലം നിശ്ചയിച്ച പ്രകാരം പ്രഖ്യാപിക്കുമെന്നും സീറ്റ് അനുവദിക്കുന്നതില്‍ കുറവ് വരുത്തില്ലെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്.
എൻടിഎ നടത്തുന്ന പരീക്ഷകളിൽ ചോദ്യചോർച്ച ഉൾപ്പടെയുള്ള ഗുരുതര ക്രമക്കേട് പതിവാണ്. തുടർച്ചായി വീഴ്ചകൾ വരുത്തിയിട്ടും ഏജൻസിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ക്രമക്കേടും അബദ്ധങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന എൻടിഎയുടെ വീഴ്ചയ്ക്കെതിരെ എസ്എഫ്ഐ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.












