ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് കണ്ടെത്തിയതായി പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തായ ബെംഗളൂരു സ്വദേശിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ ജി.എൻ. മോഹനെ അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിനെ തുടർന്ന് കുട്ടിയെ മർദിക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
ദാവണഗെരെ സ്വദേശികളായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില (6) മാർച്ച് 24-നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഈ വർഷം ആദ്യം ദമ്പതികൾ വിവാഹബന്ധം വേർപെടുത്തിയിരുന്നു. തുടർന്ന് മൂത്തമകൾ പിതാവിനൊപ്പവും വെണ്ണില മാതാവിനൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജ് സുഹൃത്തായിരുന്ന മോഹൻ ഇവരോടൊപ്പം താമസം ആരംഭിച്ചു.
മകളുടെ മരണം കൊലപാതകമാണെന്ന സംശയം തുടക്കം മുതൽ തന്നെ പ്രവീൺ ഉന്നയിച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കുട്ടിക്ക് മർദനമേറ്റതായി കണ്ടെത്തി. ഒളിവിലായിരുന്ന മോഹനെ ജൂൺ നാലിന് കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
സംഭവദിവസം പ്രിയങ്കയും വെണ്ണിലയും മോഹനും ഷോപ്പിങ്ങിന് പോയ ശേഷം ഭക്ഷണം കഴിക്കാനായി ഹൊസ്‌കോട്ടിലേക്ക് പോയിരുന്നു. അവിടെ നിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി മടങ്ങുന്നതിനിടെ കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളിൽ വീണു. സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നതിൽ പ്രകോപിതനായ മോഹൻ കുട്ടിയെ മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി കരഞ്ഞതോടെ ഇയാൾ കൂടുതൽ ആക്രമണാസക്തനായി. കൈമുട്ടുകൊണ്ട് വയറിൽ പലതവണ ഇടിച്ചശേഷം കരച്ചിൽ നിർത്താൻ വായും മൂക്കും പൊത്തിപ്പിടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ശ്വാസംമുട്ടലും ആന്തരിക പരിക്കുകളും മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കാറിൽ നടത്തിയ ഫൊറൻസിക് പരിശോധനയും കേസിൽ നിർണായക തെളിവുകൾ നൽകി. അതേസമയം, കുട്ടിയുടെ മാതാവ് പ്രിയങ്ക ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
2025 നവംബറിലാണ് കോളേജ് പഠനകാലത്തെ സുഹൃത്തായ മോഹനുമായി പ്രിയങ്ക വീണ്ടും ബന്ധപ്പെടുന്നതെന്ന് പരാതിക്കാരനായ പ്രവീൺ ആരോപിച്ചു. തുടർന്ന് വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയെന്നും വിവാഹമോചനശേഷം ഇരുവരും ബെംഗളൂരുവിലെ ഒരു ആഡംബര വില്ലയിൽ ഒരുമിച്ച് താമസം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മോഹൻ കുടുംബത്തെ വിട്ടാണ് പ്രിയങ്കയ്‌ക്കൊപ്പം താമസം തുടങ്ങിയതെന്നും പ്രവീൺ ആരോപിച്ചു.






