മെക്സിക്കോ സിറ്റി: മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് പന്തുരുണ്ടു തുടങ്ങുമ്പോൾ മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്‌റ്റേഡിയമെന്ന ചരിത്രനേട്ടമാണ് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്വന്തമാക്കുക. അതിനും 90 മിനിറ്റുമുൻപ് ഉദ്ഘാടനച്ചടങ്ങിൽ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഗാനമായ ‘ഡായ്, ഡായ്’ പെർഫോം ചെയ്യും. ഫുട്ബോൾ ലോകകപ്പ് വേദിയിൽ ആസ്ടെക്ക സ്റ്റേഡിയത്തിന് മറ്റാർക്കുമില്ലാത്ത സ്ഥാനമാണുള്ളത്.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്‌റ്റേഡിയങ്ങളിലൊന്നായ ആസ്‌ടെക്കയുടെ പുൽനാമ്പുകളിൽ ലോകഫുട്‌ബോളിന്റെ ചരിത്രം പച്ചയോടൊട്ടി നിൽക്കുന്നു. ഫുട്‌ബോളിൽ പെലെയുടെ രാജവാഴ്ച ഈ മണ്ണിലായിരുന്നു. 1970-ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരേ ബ്രസീൽ 4-1ന്റെ ജയം നേടിയപ്പോൾ അതിലെ ആദ്യഗോൾ പെലെയുടേതായിരുന്നു. പെലെയുടെ അവസാന ലോകകപ്പ് മത്സരവുമായിരുന്നു അത്. മൂന്ന് ലോകകപ്പുകൾ നേടുന്ന ആദ്യ ക്യാപ്റ്റനായി പെലെ മാറിയതും ഈ മണ്ണിൽ.
ഡീഗോ മാറഡോണ ഒരേസമയം ചെകുത്താനും ദൈവവുമായി മാറിയതും അർജന്റീന 1986-ൽ ലോകകപ്പ് നേടിയതും ഇതേ ആസ്ടെക്കയിൽ തന്നെ. അതേ ലോകകപ്പിൽ അതേ ആസ്ടെക്കയിൽ തന്നെയാണ് കുപ്രസിദ്ധമായ മാറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഒപ്പിട്ടതും ‘നൂറ്റാണ്ടിന്റെ ഗോൾ’ പിറന്നതും.
ഇത്തവണ പക്ഷേ, കലാശപ്പോര് ആസ്ടെക്കയിലല്ല. എങ്കിലും കാൽപന്തിന്റെ ദൈവങ്ങളെ ആസ്ടെക്കയോളം പുൽകിയ മറ്റൊരു വേദിയില്ലെന്ന് നിസ്സംശയം പറയാം.






