തൃശ്ശൂർ : പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന മഹാവീരൻ കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു.
പെരുന്നാൾ കഴിഞ്ഞതിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചുവെച്ചിരുന്ന 45 കാരനായ ആനയ്ക്ക് എരണ്ടക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ചികിത്സ തുടരുകയായിരുന്നു.
ഉത്സവപ്പറമ്പുകളുടെ നിറസാന്നിധ്യമായിരുന്ന മാവേലിക്കര ഗണപതിയുടെ ചരമവാർത്ത അറിഞ്ഞതോടെ നിരവധി ആനപ്രേമികളും നാട്ടുകാരും സംഭവസ്ഥലത്ത് എത്തി.
വർഷങ്ങളായി നിരവധി മഹോത്സവങ്ങളിൽ തന്റേതായ ഒരു സ്ഥാനമുറപ്പിച്ചിരുന്ന ഈ ഗജവീരന്റെ മരണം പ്രദേശത്ത് വലിയ വേദന പരത്തിയിരിക്കുകയാണ്.










