വാഷിംഗ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള മെഡികെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് 9.3 കോടി അമേരിക്കൻ ഡോളർ (800 കോടിയിലധികം രൂപ) തട്ടിയെടുത്തെന്ന കേസിൽ ഇന്ത്യൻ വംശജനെ അമേരിക്കൻ ഫെഡറൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശിയായ ഖദീർ ഖാൻ മുഹമ്മദിനെതിരെയാണ് നടപടി.
മെഡികെയർ പദ്ധതിയിൽ വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെയും ലബോറട്ടറി പരിശോധനകളുടെയും ബില്ലുകൾ സമർപ്പിച്ച് കോടിക്കണക്കിന് ഡോളർ തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം. അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പിടിയിൽപ്പെടുന്നതിന് മുമ്പ് രാജ്യം വിട്ട ഖദീർ ഖാൻ നിലവിൽ ഇന്ത്യയിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
ഇതോടെയാണ് കേസിലെ തുടർനടപടികൾ വേഗത്തിലാക്കാൻ കോടതി ഇയാളെ ഔദ്യോഗികമായി കുറ്റവാളിയായി പ്രഖ്യാപിച്ചത്. കുറ്റം തെളിഞ്ഞാൽ ദീർഘകാലം തടവ്, വൻതുക പിഴ, തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.


