ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് ആശ്വാസകരമായ മുന്നേറ്റം. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപി ലീഡ് നേടി. മൂന്ന് കോർപ്പറേഷനുകളിൽ കോൺഗ്രസും ഒന്നിൽ സ്വതന്ത്രരും മുന്നിട്ട് നിൽക്കുകയാണ്. ജോധ്പുരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 47 മുനിസിപ്പൽ കൗൺസിലുകൾ, 252 നഗരസഭകൾ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ്.
സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങളിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് തോൽവി ഭയന്നാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
അൽവാർ, ഉദയ്പുർ, കോട്ട, ജയ്പുർ, ഭിൽവാര മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അജ്മീർ, പാലി, ബിക്കാനെർ എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് മുന്നേറ്റം. ഭരത്പുരിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ഫലം പ്രഖ്യാപിച്ച 8,068 വാർഡുകളിൽ 3,323 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ട്. കോൺഗ്രസ് 2,962 സീറ്റുകളിലും സ്വതന്ത്രരും മറ്റ് പാർട്ടികളും 1,783 സീറ്റുകളിലും വിജയിച്ചു.
ഉച്ചവരെയുള്ള ഫലസൂചനകൾ പ്രകാരം 47 മുനിസിപ്പൽ കൗൺസിലുകളിൽ 21 ഇടത്ത് ബിജെപിയും 16 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. 252 നഗരസഭകളിൽ 110 ഇടത്താണ് ബിജെപി മുന്നേറുന്നത്. 95 നഗരസഭകളിൽ കോൺഗ്രസിനാണ് ലീഡ്.
അതേസമയം, നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിഭാഗം സ്ഥലങ്ങളിലും മുന്നിലാണെന്നും ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊസ്താര ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുകയാണെന്നും അധികാരവും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ദൊസ്താര ആരോപിച്ചു. ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റുകളുടെ ഫലങ്ങൾ സമ്മർദത്തിലൂടെ അട്ടിമറിക്കാനും സ്വതന്ത്രരെയും കോൺഗ്രസ് കൗൺസിലർമാരെയും ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനും ശ്രമം നടക്കുന്നതായി വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് രൂപീകരിക്കുന്നതിനായി ബിജെപി പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ദൊസ്താര ആവശ്യപ്പെട്ടു. പൊലീസും ജില്ലാ ഭരണകൂടവും നിഷ്പക്ഷത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംതൃപ്തി നൽകുന്നതാണെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചതിന്റെ തെളിവാണ് ഫലമെന്നും ബിജെപി പ്രതികരിച്ചു.













