തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറുമായി സംവദിക്കുന്ന “മുഖാമുഖം – മീറ്റ് യുവർ കളക്ടർ” പരിപാടിയുടെ 58-ാം അധ്യായത്തിൽ തൃശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസ് സ്കൂളിലെ അധ്യാപകരും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയൊന്നോളം വിദ്യാർത്ഥികളും പങ്കെടുത്തു.
പരിചയപ്പെടലോടെയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂളിന്റെ ഹരിത സഭ – വേസ്റ്റ് ടു ആർട്ട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളും ക്രിസ്മസ്–ന്യൂ ഇയർ ആശംസാ കാർഡും അവരും സമർപ്പിച്ചു. മിഥുന സുധീർ, ഹസ്മിയ പി.എച്ച് എന്നിവർ ഗാനമാലപിച്ച് പരിപാടിയെ രസകരമാക്കി.
ജന്മദിനം ആഘോഷിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി അമേയ സുബ്രഹ്മണ്യനെ കളക്ടർ ആശംസിച്ചു. വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് കളക്ടർ മറുപടി നൽകി. സ്കൂൾ വിനോദയാത്രയായ നെല്ലിയാമ്പതിയിലേക്കുള്ള അനുഭവങ്ങളും കുട്ടികൾ പങ്കുവെച്ചു.
പുതുതായി ആരംഭിച്ച പുത്തൂർ മൃഗശാല സന്ദർശിക്കാനുള്ള ആഗ്രഹവും അവർ അറിയിച്ചു. സ്കൂൾ ബാസ്ക്കറ്റ്ബോൾ കോർട്ട് പാർക്കിംഗ് ഏരിയായായി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകി.
പരിപാടിക്ക് ശേഷം കുട്ടികൾ ഫോട്ടോ എടുക്കുകയും സിവിൽ സ്റ്റേഷൻ പരിസരവും വിവിധ വകുപ്പുകളുടെ ഓഫീസുകളും സന്ദർശിച്ച് അടുത്തറിഞ്ഞുമാണ് മടങ്ങിയത്. പ്രധാന അധ്യാപിക ബിന്ദു മേനോനും അധ്യാപകരായ ശാലി ആന്റണി, സംഗീത പി.എൻ എന്നിവർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.






