തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരമെന്ന് വിശദീകരണം. സമാനമായ 40ലേറെ വീഡിയോകൾ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടതായാണ് വിവരം. വി.ഡി. സതീശന്റെ എഐ വീഡിയോയ്‌ക്കെതിരെ വ്യാപക പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനങ്ങൾ ശക്തമായതിനിടെയാണ് അദ്ദേഹം ഡാൻസ് ചെയ്യുന്ന തരത്തിലുള്ള എഐ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദിവസങ്ങൾക്കകം മെറ്റ അത് നീക്കം ചെയ്യുകയായിരുന്നു.
ഇന്ത്യയിൽ വീഡിയോ ലഭ്യമാകാത്ത തരത്തിലായിരുന്നു മെറ്റയുടെ നടപടി. ഇന്ത്യയിലെ നിലവിലുള്ള ഐടി നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് വീഡിയോ തയ്യാറാക്കിയ അഭിജിത്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്തുള്ളവർക്ക് വീഡിയോ കാണാനാകുമെന്നും ഇന്ത്യയിൽ വീഡിയോ ലഭ്യമാക്കുന്നതിനായി ക്ലെയിം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വി.ഡി. സതീശനെ വിമർശിക്കുക എന്ന ഉദ്ദേശത്തോടെയല്ല വീഡിയോ തയ്യാറാക്കിയതെന്നും വിനോദത്തിനായി മാത്രമാണ് ചെയ്തതെന്നും അഭിജിത്ത് പറഞ്ഞിരുന്നു. വീഡിയോ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ വീഡിയോ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. വീഡിയോ വ്യക്തിപരമായി സന്തോഷം നൽകിയെങ്കിലും അതിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് വയസുള്ള കുട്ടി പോലും വീഡിയോയിലെ ഡാൻസ് ഗംഭീരമായിരുന്നുവെന്ന് പറഞ്ഞതായും പ്രതികരിച്ചിരുന്നു.



