മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താനെയിലെ അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണം പൂർത്തിയായി. തുരങ്കത്തിന്റെ ഒരു കവാടത്തിൽ നിന്നുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബട്ടൺ അമർത്തി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് അവസാന പാളി തകർക്കുകയും തുരങ്ക നിർമാണം പൂർത്തിയാക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ഘൻസോലിക്കും ശിൽഫാത്തയ്ക്കും ഇടയിലാണ് ഈ അഞ്ച് കിലോമീറ്റർ തുരങ്കം.
റെയിൽവേ മന്ത്രി ഇതിനെ ഒരു ‘നാഴികക്കല്ലായ നേട്ടം’ എന്നാണ് വിശേഷിപ്പിച്ചത്. സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ നീളമുള്ള ആദ്യഘട്ടം 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച വൈഷ്ണവ്, ഈ തുരങ്കം മൊത്തം 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ ഭാഗമാണെന്നും അതിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണെന്നും അറിയിച്ചു. ‘ഡ്രിൽ ആൻഡ് ബ്ലാസ്റ്റ്’ രീതി ഉപയോഗിച്ചാണ് ഖനനം നടത്തിയതെന്നും ഇനിമുതൽ ടണൽ ബോറിങ് മെഷീൻ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഹബ്ബായ മുംബൈയേയും രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നീളം 508.18 കിലോമീറ്ററാണ്. ഗുജറാത്തില്‍ ഒന്‍പത് സ്റ്റേഷനുകളും മഹാരാഷ്ട്രയില്‍ മൂന്ന് സ്റ്റേഷനുകളും ഉള്‍പ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുള്ളത്.
മുംബൈയിലെ ഒരു ഭൂഗര്‍ഭ സ്‌റ്റേഷനും താനെ, വിരാര്‍, ബോയ്‌സര്‍, വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നീ സ്‌റ്റേഷനുകള്‍ ഉയര്‍ത്തിയുമാണ് നിര്‍മിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ഇതില്‍ 10,000 കോടി രൂപ കേന്ദ്രസര്‍ക്കാരും ഗുജറാത്തും മഹാരാഷ്ട്രയും 5000 കോടി രൂപ വീതവും വഹിക്കും. 2028-ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






