കൊച്ചി: കുവൈത്തിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കൊൽക്കോത്ത സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓർമ നഷ്ടപ്പെട്ട നിലയിൽ കളമശേരിയിലും സമീപ പ്രദേശങ്ങളിലും സൂരജിനെ കണ്ടിരുന്നു.
പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡപ്യൂട്ടി കമ്മീഷണർ റാങ്കിലുളള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചത്. ഹർജി 28ന് വീണ്ടും പരിഗണിക്കും.
കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട സൂരജ്, കൊച്ചിയിൽ വിമാനം ഇറങ്ങിയ ശേഷം മെട്രോ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് 10-ന് ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പരിശോധനയിൽ ഗുരുതര അസുഖം ഒന്നും കണ്ടെത്താതിരുന്നതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അതേസമയം, ആശുപത്രി അധികൃതർക്കും പോലീസിനും സൂരജിന്റെ വ്യക്തിത്വവും കൊച്ചിയിൽ എത്തിയത് സംബന്ധിച്ച വിവരം ലഭിച്ചിരുന്നില്ല.
രണ്ടു ദിവസത്തിനു ശേഷമാണു കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്. കുടുംബം നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകുകയും, പരിശോധന ആരംഭിക്കുകയും ചെയ്തു. മറവിരോഗമുള്ള വ്യക്തിയെ നാടുകടത്തിയപ്പോൾ ഇക്കാര്യം വീട്ടുകാരെ ആരെയും അറിയിച്ചില്ല. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്.










