ചിന്നക്കനാലിന്റെ അധിപൻ ചക്കക്കൊമ്പനാണ് ഇപ്പോൾ കുറച്ച് ദിവസമായി വാർത്തകളിലെങ്ങും. ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മൂന്ന് ദിവസത്തെ ദൗത്യം മയക്കുവെടി ശ്രമങ്ങൾ ലക്ഷ്യം കാണാത്തതിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച അവസ്ഥയിലാണ്. മിഷൻ അരിക്കൊമ്പന് ശേഷം വനംവകുപ്പ് നടത്തുന്ന സങ്കീർണമായ ദൗത്യമാണ് മിഷൻ ചക്കക്കൊമ്പൻ. എന്നാൽ ദിവസങ്ങളോളം ഒരു വൻ സംഘത്തെ കബളിപ്പിച്ച് സ്വൗര്യ വിഹാരം നടത്തുന്ന ചക്കക്കൊമ്പൻ ചില്ലറക്കാരനല്ല എന്ന് ഇപ്പോൾ മനസിലായിക്കാണും. അതും 2 മയക്കുവെടി ഏറ്റിട്ടും പുല്ല് പോലെയാണ് ഇപ്പോഴും നടക്കുന്നത്.
യക്കുവെടി ഡാർട്ടുകൾ ശരീരത്തിൽ തറച്ചിട്ടുണ്ടെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നും അസ്വസ്ഥതകളില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ആനയിറങ്കൽ ജലാശയത്തിന് സമീപം ആന സജീവമാണ്. വെള്ളിയാഴ്ച ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുത്തതും മറ്റ് സാഹചര്യങ്ങളും കാരണം ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. ഇടവേളയ്ക്ക് ശേഷം ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യമോ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. ഇത്രയും പറഞ്ഞത് മിഷൻ ചക്കക്കൊമ്പൻ ദൗത്യത്തെ കുറിച്ചും ചക്കക്കൊമ്പൻ എന്ന കൂറ്റൻ ഒറ്റയാനെ കുറിച്ചും. ഇനി ഇതേ വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തിലും സോഷ്യൽ മീഡിയയിലുമടക്കം സജീവമായ മറ്റൊരു ചർച്ചയിലേക്ക് വരാം. അതാണ്, മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ആർക്കാണ് നീതി വേണ്ടത് എന്ന ചോദ്യം. ഏറെ കാലമായി വലിയ തർക്കങ്ങൾ നിലനിൽക്കുന്ന ഒരു വിഷയമാണിത്. നിത്യ ശല്യക്കാരായ വന്യമൃഗങ്ങളെ റേഡിയോ കോളർ ഘടിപ്പിച്ച് അവിടെ തന്നെ വിടണോ അതോ മറ്റെവിടേക്കെങ്കിലും മാറ്റുന്നത് ശരിയാണോ ഇനി അതുമല്ലെങ്കിൽ എന്നന്നേക്കുമായി ഇല്ലാതാക്കണമോ എന്നത് ഒരു സങ്കീർണമായ വിഷയം തന്നെയാണ്.
നേരത്തെ അരിക്കൊമ്പൻ സമയത്തും ഇതേ തർക്കം രൂക്ഷമായതാണ്. കാടും വനവും മൃഗങ്ങളുടേതാണ്, മനുഷ്യൻ കൈയ്യേറിയതാണ് എന്ന് ഒരു ചെറിയ വിഭാഗം വാദിക്കുമ്പോൾ മനുഷ്യന്റെ നിയമങ്ങൾ ആത്യന്തികമായി മനുഷ്യ ജീവിതം സുഖമമാക്കാൻ വേണ്ടിയുള്ളതാകണം എന്ന് വാദിക്കുകയാണ് മറുവിഭാഗം. സോഷ്യൽ മീഡിയയിലേക്ക് വന്നാൽ, ചക്കക്കൊമ്പനെ പോലുള്ളവയെ കൊല്ലണമെന്ന് പറയുന്നവരും വെറുതെ വിടണമെന്ന് പറയുന്നവരുമുണ്ട്. നടി മീനാക്ഷി കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ രീതിയിൽ ചർച്ചകൾക്ക് തിരികൊളുത്തി.
ജീവനും സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാർഗ്ഗമായ ടൂറിസത്തിനും ഭീഷണിയായ ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്‌തേ മതിയാവൂ എന്നതാണ് സത്യമെന്നും അതാണ് നീതിയെന്നുമായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. അതിനായി കാലാനുസൃതമായി വനനിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടേ മതിയാവൂവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
ഏതെങ്കിലും വന്യമൃഗങ്ങൾ വനാതിർത്തിയോട് ചേർന്നുള്ള കിണറ്റിലോ കുഴിയിലോ വീണാൽ രക്ഷാപ്രവർത്തനമുണ്ടാവും. അവയൊക്കെ ടിവിയിലും സോഷ്യൽ മീഡിയയിലും കാണുമ്പോൾ അവ രക്ഷപ്പെടണമെന്നാണ് ദൂരെ സുരക്ഷിത നഗരങ്ങളിലും നാടുകളിലുമിരിക്കുന്നവർ ആഗ്രഹിക്കുന്നത്. അതൊരു മനുഷ്യത്വപരമായ വികാരമാണെങ്കിൽ കൂടിയും അതിനൊരു മറുപക്ഷവുമുണ്ട് എന്നതും കാണാതിരിക്കരുതെന്നും മീനാക്ഷി കുറിച്ചു. റേഡിയോ കോളറിട്ട് അവിടെ തന്നെ വിടുന്നതിന്റെ യുക്തിയും താരം ചോദ്യം ചെയ്യുന്നുണ്ട്. പിന്നാലെ കമന്റ് ബോക്സിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ശരിയാണ്, കാട് ചക്കക്കൊമ്പന്റേത് കൂടിയാണ്. പക്ഷേ മനുഷ്യ ജീവനും സ്വത്തിനും വിലയില്ലേ? കാട് മനുഷ്യൻ കൈയ്യേറിയെന്ന് പറയുമ്പോഴും അത് ഒന്നോ രണ്ടോ അമ്പതോ നൂറോ മനുഷ്യരല്ല, ലക്ഷക്കണക്കിന് ആളുകളാണ് വനാതിർത്തിയോട് ചേർന്ന് പൊരുതി ജീവിക്കുന്നത്. അവരെയെല്ലാം എങ്ങോട്ട് ഒഴിപ്പിക്കണം? ഇങ്ങനെ പോകുന്നു വാദങ്ങളും മറുവാദങ്ങളും.
ജലത്തിനും ആവാസഭൂമിക്കുമുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. മൃഗങ്ങളും മനുഷ്യരും ഇവിടെ ഒരുപോലെ നീതി അർഹിക്കുന്നുണ്ട്. ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത് ഇവിടെ ചേർത്ത് വായിക്കാം. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. മൃഗസ്നേഹം മാത്രമാണോ ഇത്തരക്കാരുടെ മനസിൽ എന്ന് കോടതി ചോദിക്കുന്നു. KFC ഔട്ട്ലെറ്റുകൾക്ക് മുന്നിൽ കോഴിയെ കൊല്ലരുതെന്ന ബോർഡ് പിടിച്ച് നിൽക്കുന്ന മൃസ്നേഹികളുടെ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടില്ലേ? അപ്പോഴിത് കേരളത്തിലെ മാത്രം പ്രശ്നമല്ല, ലോകം മുഴുവൻ ഇത്തരം സംഘർഷങ്ങളുണ്ട്.


