സുൽത്താൻ ബത്തേരി: പൊലീസ് നടപടി ഉണ്ടായിട്ടും ഓടുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അപകടയാത്ര. കൊളഗപ്പാറ-അമ്പലവയൽ റോഡിൽ ആയിരംകൊല്ലിയിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ഇരുവശത്തെയും ഡോറുകളിൽ കയറിയിരുന്നാണ് യുവാക്കൾ യാത്ര ചെയ്തത്. ഏറെ നേരം ഇതേ രീതിയിൽ യാത്ര തുടർന്നതോടെ പിന്നിൽ വന്ന യാത്രക്കാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പഞ്ചാബ് രജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റാണ് കാറിൽ ഉണ്ടായിരുന്നത്. എന്നാൽ നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ ഈ നമ്പർ ഒരു സ്കൂട്ടറിന്റേതാണെന്നും കണ്ടെത്തി.
സംഭവത്തിൽ കാറും യുവാക്കളും ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പനമരം പാലത്തിലൂടെ സമാനമായ രീതിയിൽ അപകടയാത്ര നടത്തിയ യുവാക്കൾക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടായത്.


