കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പ അനുവദിക്കുന്നതിന് കർശന നിബന്ധനകളുമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും വായ്പാ വിതരണം വർധിപ്പിക്കുകയും തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ്ക്കുകയുമാണ് പുതിയ വ്യവസ്ഥകളുടെ ലക്ഷ്യം. ‘അൽ റായ്’ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശമ്പള സർട്ടിഫിക്കറ്റിന് പുറമെ തൊഴിലുടമയിൽനിന്നുള്ള പ്രത്യേക ഉറപ്പുപത്രവും വായ്പ അനുവദിക്കുന്നതിന് നിർബന്ധമാക്കിയിട്ടുണ്ട്. വായ്പയെടുത്ത ജീവനക്കാരൻ രാജിവെക്കുകയോ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെടുകയോ ചെയ്താൽ സേവനാന്ത്യ ആനുകൂല്യങ്ങൾ വായ്പ അനുവദിച്ച ബാങ്കിലെ ശമ്പള അക്കൗണ്ടിലേക്ക് തന്നെ കൈമാറുമെന്ന് തൊഴിലുടമ രേഖാമൂലം ഉറപ്പുനൽകണം. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതുവരെ ഈ തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും അനുവദിക്കില്ല.
സ്വദേശിവത്കരണത്തിന് സാധ്യതയുള്ള സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നവർ, ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ, 60 വയസ്സിനോട് അടുക്കുന്ന പ്രവാസികൾ എന്നിവരെയാണ് പുതിയ നിബന്ധനകൾ പ്രധാനമായും ബാധിക്കുക.
പ്രധാന വായ്പാ നിബന്ധനകൾ
- ഭൂരിഭാഗം ബാങ്കുകളിലും കുറഞ്ഞ മാസശമ്പളം 500 കുവൈത്ത് ദിനാർ ആയിരിക്കണം.
- ചില തൊഴിൽ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ സേവനകാലം നിർബന്ധമാണ്.
- സാമ്പത്തിക സ്ഥിരതയും മികച്ച പ്രവർത്തനരേഖയുമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി.
- ചില ധനകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക ശേഷിയുള്ള കുവൈത്ത് പൗരന്റെ ജാമ്യം ആവശ്യപ്പെടും.
- ചില സ്ഥാപനങ്ങൾ സേവനാന്ത്യ ആനുകൂല്യത്തിന് തുല്യമായ തുക മാത്രമേ വായ്പയായി അനുവദിക്കൂ.
- മറ്റു ചില സ്ഥാപനങ്ങൾ സേവനാന്ത്യ ആനുകൂല്യത്തിന്റെ 60 മുതൽ 70 ശതമാനം വരെ മാത്രമായി വായ്പാ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ടാൽ വായ്പാ തുക മരവിപ്പിക്കും
വായ്പ തിരിച്ചടവ് പൂർത്തിയാകുന്നതിന് മുമ്പ് ജോലി നഷ്ടപ്പെട്ടാൽ തിരിച്ചടയ്ക്കാനുള്ള തുകയ്ക്ക് തുല്യമായ തുക ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കും. ഈ തുകയിൽനിന്നായിരിക്കും തുടർന്നുള്ള പ്രതിമാസ വായ്പാ തവണകൾ ഈടാക്കുക.
ബാങ്കിന്റെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ്ങുള്ള മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിക്കുകയും പുതിയ ജോലിയിൽ മൂന്ന് മുതൽ ആറ് മാസം വരെ തുടരുന്നതായി തെളിയിക്കുകയും ചെയ്താൽ മാത്രമേ മരവിപ്പിച്ച തുകയുടെ നിയന്ത്രണം നീക്കുകയുള്ളൂ. ഇക്കാര്യത്തിൽ ബാങ്കുകളുടെ നയങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ടാകും.
പുതുതായി ജോലിയിൽ പ്രവേശിച്ച പ്രവാസികൾക്കും തൊഴിൽ സ്ഥിരതയില്ലാത്തവർക്കും ആവശ്യമായ സേവനകാലം പൂർത്തിയാക്കാത്തവർക്കും ചില ബാങ്കുകൾ താൽക്കാലികമായി വായ്പ അനുവദിക്കുന്നത് നിർത്തിവച്ചിട്ടുണ്ട്.
പ്രാദേശികവും ആഗോളവുമായ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരവധി കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങും ബാങ്കുകൾ പുനഃപരിശോധിച്ചിട്ടുണ്ട്. അതേസമയം, സ്ഥിരതയുള്ള ജോലിയും മികച്ച ശമ്പളവും ദീർഘകാല തൊഴിൽ പരിചയവുമുള്ള പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിന് തടസ്സമില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബാങ്കുകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ഉറപ്പുകളുള്ളവർക്കും വായ്പാ സാധ്യതയുണ്ട്.
പുതിയ നിബന്ധനകൾ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ പൊതുവായ ഉത്തരവല്ലെന്നും വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വന്തം വായ്പാ നയങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.


