ലോസ് എയിഞ്ചൽസ്: അമേരിക്കയിലെ തെക്കൻ കാലിഫോർണിയ തീരത്ത് റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ശനിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ലോസ് ആഞ്ജലീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഒഴിവാക്കി വീണ്ടും പറന്നുയർന്നു.
ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെ എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി.) പൈലറ്റിന് ലാൻഡിങ് ഒഴിവാക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഡെൽറ്റ ഫ്ലൈറ്റ് 1972 വിമാനം ഗോ എറൗണ്ട് നടത്തി വീണ്ടും പറന്നു. ഭൂകമ്പം ശക്തമാണെന്നും ലാൻഡിങ് നടത്തരുതെന്നും എ.ടി.സി. പൈലറ്റിന് മുന്നറിയിപ്പ് നൽകി. ഇതിന്റെ ശബ്ദരേഖയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ വിവരമനുസരിച്ച് രാവിലെ 9.30-ഓടെയാണ് ഭൂകമ്പമുണ്ടായത്. കാലിഫോർണിയയിലെ മാൻഹട്ടൻ ബീച്ചിന്റെ തീരത്തുനിന്ന് ആറു കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം.
ഭൂകമ്പത്തിൽ ലോസ് ആഞ്ജലീസ് വിമാനത്താവളത്തിലെ ടെർമിനലിനുള്ളിലെ ചില ചില്ലുജാലകങ്ങൾ തകർന്നു. കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും ചില്ലുകൾ വീഴുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ഭൂകമ്പം കാര്യമായി ബാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിൽ തുടർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.


