തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം, തുടർന്ന് ഹെലികോപ്റ്റർ മാർഗം തിരുവല്ലയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. പരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതീക്ഷയോടെ നോക്കുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും റോഡ് ഷോയിൽ പങ്കെടുക്കും.
സുരക്ഷയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസിനൊപ്പം അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. റോഡുകളുടെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. ആലപ്പുഴയിൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ പരിപാടികൾ കട്ടപ്പനയും കൊച്ചിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ തുടരും. രാവിലെ മുഹമ്മ കാവുങ്കലിലെ പൊതുയോഗത്തിൽ സംസാരിക്കുന്ന അദ്ദേഹം, പിന്നീട് കട്ടപ്പനയിലെ റാലിയിലും ഫോർട്ട് കൊച്ചിയിലെ തിരഞ്ഞെടുപ്പ് പരിപാടികളിലും പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമടത്താണ് ഇന്ന് പ്രചാരണം നടത്തുന്നത്. എല്ലാ ലോക്കൽ കമ്മിറ്റി മേഖലകളിലും പര്യടനം നടത്തുകയും നാളെയും പ്രചാരണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് ഹൈവോൾട്ടേജ് പ്രചാരണമാണ് പുരോഗമിക്കുന്നത്.




