പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്റെ ജീവിതം തകര്‍ത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്കെതിരെ എടുത്തത് വ്യാജ കേസുകള്‍ ആണ്. ഫോണ്‍ പിടിച്ചു വെച്ച് രേഖകള്‍ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും തനിക്കെതിരായ കള്ളക്കേസുകളില്‍ മോചനം നേടുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങള്‍ ഉണ്ടെന്ന് സ്വപ്‌ന പറഞ്ഞു. ചികിത്സക്കെന്ന പേരിലുള്ള യാത്രകള്‍ ഇതിനു വേണ്ടിയാണ്. പിണറായിയേക്കാള്‍ ശക്ത ഭാര്യയാണ്. എല്ലാ വിദേശയാത്രകളിലും അവര്‍ ഒപ്പം പോയിരുന്നത് അതുകൊണ്ടാണ്. പിണറായിയ്ക്ക് ബിസിനസ് തന്ത്രങ്ങള്‍ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല. പിണറായിയുടെ മകന് കുടുംബത്തില്‍ യാതൊരു പ്രാധാന്യവുമില്ല. മകള്‍ക്കും പേരക്കുട്ടിയ്ക്കുമാണ് വീട്ടില്‍ പ്രാധാന്യമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.











