ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. മൊബൈൽ റേഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടെലികോം ടവറിന് മുകളിൽ കയറിയ യുവാവ് മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. രാജസ്ഥാനിലെ ഡിഗ് ജില്ലയിലെ ബെധാം ഗ്രാമത്തിലാണ് സംഭവം. പുഷ്കർ എന്ന യുവാവാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് സേവനം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് പുഷ്കറിന്റെ ആരോപണം. ഫോൺ കോളുകൾ ചെയ്യാനോ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും ഇത് ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഇടപാടുകളെയും ബാധിച്ചെന്നും ഇയാൾ പറഞ്ഞു. മോശം സേവനമാണ് ലഭിക്കുന്നതെങ്കിലും കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും പുഷ്കർ ആരോപിച്ചു.
വിവരമറിഞ്ഞ ഉടൻ സദർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ജില്ലാ പൊലീസ് സൂപ്രണ്ട് ശരൺ കാംബ്ലെയുടെ നിർദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ പുഷ്കറുമായി നിരന്തരം ആശയവിനിമയം നടത്തുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുന്നതിനായി സേവനദാതാവായ ജിയോയുടെ സാങ്കേതിക വിദഗ്ധരെയും പൊലീസ് സ്ഥലത്തെത്തിച്ചു. ഗ്രാമത്തിലെ നെറ്റ്‌വർക്ക് തകരാർ പരിശോധിച്ച് പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. ഏകദേശം മൂന്നര മണിക്കൂർ നീണ്ട ചർച്ചകൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ പുഷ്കർ ടവറിൽ നിന്ന് താഴെയിറങ്ങാൻ തയ്യാറായി. തുടർന്ന് ഇയാളെ സുരക്ഷിതമായി താഴെയിറക്കിയതായി സദർ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വീരേന്ദ്ര അറിയിച്ചു.














